സ്വകാര്യ ട്യൂഷന്‍ എടുക്കുന്ന വിദേശ അധ്യാപകരെ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: അനുമതിയില്ലാതെ സ്വകാര്യ ട്യൂഷന്‍ എടുക്കുന്ന വിദേശ അധ്യാപകരെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതില്‍നിന്ന് വിദേശ അധ്യപകരെ വിലക്കിയിട്ടുണ്ട്. 
ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹൈതം അല്‍ അതാരി പറഞ്ഞു. നിയമം ലംഘിച്ച് ഇത്തരത്തില്‍ നിരവധി പേര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതായി മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒൗദ്യോഗികമായി അവരവരുടെ ജോലി എന്താണോ അത് ചെയ്യാന്‍ മാത്രമേ പാടുള്ളൂ. 
വേറെ ജോലിചെയ്യുന്നത് ചട്ടലംഘനമാണെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ വ്യാപകമായി സ്വകാര്യ ട്യൂഷനുകളെ ആശ്രയിക്കുന്ന പ്രവണതയുണ്ട്. ഇത് പൊതുവിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യം കുറക്കുമെന്ന ആശങ്ക വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കുവെച്ചിരുന്നു. 
ഒരു കുട്ടിക്ക് മണിക്കൂറിന് 150 ദീനാറും ദിവസത്തിന് 500 ദീനാറും മാസത്തിന് 15,000 ദീനാറും വരെ സ്വകാര്യ ട്യൂഷനായി നല്‍കാന്‍ രക്ഷിതാക്കള്‍ തയാറാവുന്നതായി കുവൈത്ത് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ വ്യക്തമാക്കി. അനാവശ്യവും അനഭിലഷണീയവുമായ മത്സരം വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവുന്നത് സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 
 ചില സര്‍വകലാശാല അധ്യാപകര്‍ സ്വകാര്യ ട്യൂഷനായി ഉയര്‍ന്ന നിലവാരത്തിലുള്ള റസ്റ്റാറന്‍റില്‍ ടേബിള്‍ ബുക് ചെയ്യുന്നതായി വിവരമുണ്ട്. മണിക്കൂറിന് 150 ദീനാര്‍ വെച്ച് ആറുമണിക്കൂര്‍ ക്ളാസെടുത്ത് ദിവസത്തില്‍ 900 ദീനാര്‍ വരെ ഇത്തരക്കാര്‍ സമ്പാദിക്കുന്നു.
 രണ്ടു വര്‍ഷം ഇങ്ങനെ ജോലിയെടുത്ത് വലിയ തോതില്‍ സമ്പാദിക്കുന്നവരുണ്ട്. പരീക്ഷാകാലത്ത് ഇവര്‍ക്ക് ചാകരയാണ്. സ്വകാര്യ ട്യൂഷന് കാണിക്കുന്ന ആത്മാര്‍ഥതയും ആവേശവും പല അധ്യാപകരും ഒൗദ്യോഗിക ജോലിയില്‍ കാട്ടുന്നില്ളെന്നും ആക്ഷേപമുണ്ട്. 
മത്സരബുദ്ധി കുത്തിവെച്ച് രക്ഷിതാക്കള്‍ കുട്ടികളെ അമിതമായി സമ്മര്‍ദത്തിലാക്കുന്നതായും പരാതിയുണ്ട്. ഇതിന്‍െറ ഭാഗമായാണ് വന്‍ തുക കൊടുത്ത് സ്വകാര്യ ട്യൂഷന്‍ ഏര്‍പ്പെടുത്തുന്നത്. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 31,000ത്തിലധികം വിദേശ അധ്യാപകരുണ്ട്. ഇതില്‍ 17000ത്തിലധികം പേര്‍ വനിതകളാണ്. 
സര്‍ക്കാര്‍ തലത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിദേശികള്‍ ജോലി ചെയ്യുന്നതും വിദ്യാഭ്യാസ മന്ത്രാലത്തിന് കീഴിലാണ്. 29,814 പേര്‍ ജോലി ചെയ്യുന്ന ആരോഗ്യമന്ത്രാലയമാണ് തൊട്ടുപിന്നില്‍. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.