കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളെ ഗണ്യമായി കുറക്കണമെന്ന ഒരു സംഘം എം.പിമാരുടെ ആവശ്യത്തിനെതിരെ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ രംഗത്ത്. എം.പിമാരുടെ ആവശ്യം നടപ്പാക്കുകയാണെങ്കില്‍ താമസിക്കാന്‍ ആളില്ലാതെ രാജ്യത്തെ കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. വിദേശികള്‍ക്കെതിരെ നിലപാട് കടുപ്പിച്ചുള്ള എം.പിമാരുടെ പ്രസ്താനയുണ്ടായതുമുതല്‍ കെട്ടിടവാടകയില്‍ കുറവുവരുത്തേണ്ടിവന്നിട്ടുണ്ടെന്ന് റിയല്‍എസ്റ്റേറ്റ് യൂനിയന്‍ മേധാവി അബ്ദുറഹ്മാന്‍ അല്‍ ഹബീബ് സ്വകാര്യ പത്രത്തോട് വെളിപ്പെടുത്തി.
രാജ്യത്തെ 90 ശതമാനം ഫ്ളാറ്റുകളും വിദേശികള്‍ വാടക നല്‍കി താമസിച്ചുവരുന്നവയാണ്. 10 ശതമാനം ഫ്ളാറ്റുകള്‍ മാത്രമാണ് സ്വദേശികള്‍ വാടകക്കെടുത്തത്. ജീവിതച്ചെലവ് കൂടിയതിനാല്‍ ഇപ്പോള്‍തന്നെ വിദേശികള്‍ പലരും കുടുംബത്തെ നാട്ടിലയച്ച് ഒറ്റക്ക് താമസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ലമെന്‍റിന്‍െറ ആവശ്യം പരിഗണിച്ച് സര്‍ക്കാറും നിലപാട് കടുപ്പിക്കുകയാണെങ്കില്‍ കെട്ടിടങ്ങളില്‍ ആളെ കിട്ടാതെ പ്രയാസപ്പെടും. ഇത് ഈ മേഖലക്ക് മാത്രമായിരിക്കില്ല രാജ്യത്തെ വാണിജ്യ- വ്യവസായ മേഖലയിലുള്‍പ്പെടെ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശികള്‍ക്കെതിരെയുണ്ടായ പ്രസ്താവനകള്‍ മേഖലയില്‍ വ്യാപകമായ ആശങ്കകള്‍ സൃഷ്ടിച്ചതായി അല്‍ ശബീബ് റിയല്‍ എസ്റ്റേറ്റ് മേധാവി ബദര്‍ അല്‍ ശബീബ് പറഞ്ഞു. 2017 ആരംഭിച്ചത് മുതല്‍ കെട്ടിടവാടകയില്‍ 13 ശതമാനത്തിന്‍െറ ഇടിവുണ്ടായിട്ടുണ്ട്. പുതിയ പ്രസ്താവനകള്‍ക്ക് പുറമെ അടുത്ത മധ്യവേനല്‍ അവധികൂടി ആവുന്നതോടെ കെട്ടിടവാടക വീണ്ടും ഗണ്യമായി കുറക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.