പോളിയോ തുള്ളിമരുന്ന് വിതരണം  നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹരജി

കുവൈത്ത് സിറ്റി: പോളിയോക്കെതിരെ കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്ന പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. 
പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ആയിദ് അല്‍ റുശൈദിയാണ് കോടതിയെ സമീപിച്ചത്. 
ഡിപ്പാര്‍ട്ട്മെന്‍റ് അതിവേഗ കോടതിയില്‍ നല്‍കിയ പരാതി ഈമാസം 21ന് പരിഗണിക്കും. വായില്‍കൂടി മരുന്നു നല്‍കാനുപയോഗിക്കുന്ന നിപ്പിളുകള്‍ മാരകമായ മറ്റ് അസുഖങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന കാരണമാണ് ഹരജിയില്‍ ചൂട്ടിക്കാട്ടിയത്. 
ഇതേകാരണം കൊണ്ട് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഈ രീതിയിലുള്ള പോളിയോ തുള്ളിമരുന്ന് പദ്ധതി നിര്‍ത്തിവെച്ചിട്ടുണ്ടെന്നും ഹരജിയില്‍ പറഞ്ഞു. 
2013ല്‍ ലോകാരോഗ്യ സംഘടന നടത്തിയ വെളിപ്പെടുത്തലില്‍ ഈ രീതിയല്‍ പോളിയോ മരുന്ന് നല്‍കുന്നതിനെതിരെ മുന്നറിയിപ്പുണ്ട്. ഈമാസം തുടക്കത്തിലാണ് സ്വദേശി- വിദേശി വ്യത്യാസമില്ലാതെ രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും പോളിയോക്കുള്ള തുള്ളി മരുന്ന് നല്‍കാന്‍ ദേശീയ കാമ്പയിന് ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. 
ഫെബ്രുവരി അഞ്ചുമുതല്‍ ആറുമാസംവരെയാണ് ഇതിന് സമയപരിധി നിശ്ചയിച്ചത്. മന്ത്രാലയത്തിന് കീഴിലെ എല്ലാ ഹെല്‍ത്ത് സെന്‍ററുകളിലും ഇതിനുവേണ്ട സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം യജ്ഞം ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നതിനുമുമ്പാണ് പദ്ധതിക്കെതിരെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. 
പദ്ധതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായതോടെ ജനങ്ങളില്‍നിന്നുള്ള സ്വീകാര്യത കുറയുമെന്ന ആശങ്കയും മന്ത്രാലയത്തിനുണ്ട്. 
കുട്ടികളിലെ പോളിയോ സംബന്ധമായ കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്നും രാജ്യം പോളിയോ മുക്തമാണെന്നും ആരോഗ്യമന്ത്രാലയം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. 
ശക്തമായ നിരീക്ഷണത്തിന് ശേഷമാണ് പോളിയോക്കെതിരെയുള്ള തുള്ളിമരുന്ന് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മാജിദ അല്‍ ഖത്താന്‍ പറഞ്ഞു. 
പോളിയോ മരുന്നിനെതിരെ ജനങ്ങളില്‍നിന്ന് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.