കുവൈത്തില്‍ ഇന്ധന വിലവര്‍ധനക്ക് കോടതി സ്റ്റേ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പെട്രോള്‍വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി അഡ്മിനിസ്ട്രേറ്റിവ് അതിവേഗ കോടതി റദ്ദാക്കി. ഇന്ധനവില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ഏതാനും അഭിഭാഷകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ബുധനാഴ്ച ചേര്‍ന്ന അഡ്മിനിസ്ട്രേറ്റിവ് കോടതി വിധി പറഞ്ഞത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിലവര്‍ധിപ്പിച്ചതെന്ന് വിലയിരുത്തിയാണ് അഡ്മിനിസ്ട്രേറ്റിവ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. സര്‍ക്കാറിന് റിവ്യൂ ഹരജി നല്‍കാന്‍ കോടതി 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 
അതിനിടെ, അഡ്മിനിസ്ട്രേറ്റിവ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ ഭാഗം അഭിഭാഷകര്‍ അറിയിച്ചു. ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാതെയാണ് വിലവര്‍ധന നടപ്പാക്കിയതെന്നും പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ വില വര്‍ധിപ്പിച്ച നടപടിക്ക് നിയമസാധുതയില്ളെന്നും ഹരജിക്കാരായ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 
സാധാരണക്കാരെ ഏറെ ബാധിക്കുന്ന വിലവര്‍ധന റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി ഭരണഘടനാനുസൃതമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളാതെയാണ് വിലവര്‍ധന നടപ്പാക്കിയതെന്ന് വിലയിരുത്തി. 
സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നുമുതലാണ് കുവൈത്ത് പെട്രോള്‍ നിരക്കില്‍ 40 മുതല്‍ 83 ശതമാനം വരെ വര്‍ധന നടപ്പാക്കിയത്. 
പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫില്‍സ്, സൂപ്പര്‍ പെട്രോളിന് 65 ഫില്‍സ്, ലോ എമിഷന്‍ അള്‍ട്ര പെട്രോളിന് 95 ഫില്‍സ് എന്നിങ്ങനെയുണ്ടായിരുന്നത് യഥാക്രമം 85, 105, 165 ഫില്‍സ് ആയി വര്‍ധിപ്പിക്കുകയായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.