കുവൈത്ത് സിറ്റി: അനധികൃതമായി ഡ്രൈവിങ് ലൈസന്‍സ് സമ്പാദിച്ച ഒരുലക്ഷം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കിനല്‍കില്ല. ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്, പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ ജര്‍റാഹ് അറിയിച്ചതാണിത്. രണ്ടു മാസത്തിനകം ഇവരെ ഡ്രൈവര്‍ തസ്തികയിലേക്ക് മാറ്റുകയോ ലൈസന്‍സ് തിരിച്ചേല്‍പ്പിക്കുകയോ വേണമെന്ന് സ്പോണ്‍സര്‍മാരെ അറിയിച്ചിട്ടുണ്ട്.
ഗാര്‍ഹികമേഖലയില്‍ ഡ്രൈവര്‍ തസ്തികയില്‍ ഇഖാമയുള്ളവര്‍ക്ക് മാത്രമാണ് ലൈസന്‍സ് സമ്പാദനത്തിന് അര്‍ഹത. എന്നാല്‍, പാചകക്കാര്‍, ഹൗസ്ബോയ് എന്നിവര്‍ക്കടക്കം ലൈസന്‍സ് ഉണ്ട്. അനധികൃതമായി ഡ്രൈവിങ് ലൈസന്‍സ് സമ്പാദിച്ചവര്‍ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നതായി ശൈഖ് മാസിന്‍ പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് അടിയറവെക്കുകയോ വാഹനം ഓടിക്കാന്‍ അനുമതിയുള്ള ജോലിയിലേക്ക് മാറ്റുകയോ മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള വഴി. അല്ളെങ്കില്‍ താമസാനുമതി പുതുക്കിനല്‍കില്ല. ഇത്തരം ജോലിക്കാരുടെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവും. സ്പോണ്‍സര്‍മാര്‍ സ്വമേധയാ അധികൃതരെ വിവരമറിയിച്ചില്ളെങ്കില്‍ തുടര്‍ന്ന് പുതിയ ജോലിക്കാരെ നിയമിക്കാന്‍ അനുമതി നല്‍കില്ല. അനധികൃതമായി സമ്പാദിച്ച ലൈസന്‍സ് മരവിപ്പിക്കാനും ആലോചനയുണ്ടെന്ന് സൂചനയുണ്ട്.
പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 6,62,114 ആണ്. 3,00,024 ഇന്ത്യക്കാരാണ് പാചകക്കാര്‍, വേലക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി കുവൈത്തില്‍ സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഫിലിപ്പീന്‍ വംശജരാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. സ്ത്രീകളും പുരുഷന്മാരുമടക്കം 1,56,910 ഫിലിപ്പീനുകള്‍ രാജ്യത്ത് സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. 74,044 പേരുമായി ശ്രീലങ്കന്‍ വംശജരാണ് മൂന്നാമത്.
പുതിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി തൊഴിലാളികളെ ബാധിക്കും. അതിനിടെ, കുവൈത്തില്‍ പാര്‍ലമെന്‍റ് ഏകസ്വരത്തില്‍ അംഗീകരിച്ച ഗാര്‍ഹിക തൊഴിലാളി നിയമം ഉടന്‍ പ്രാബല്യത്തിലാവുമെന്ന സൂചനയും ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്നു. 15 വര്‍ഷം മുമ്പ് പരിഷ്കരിച്ച നിയമത്തിനാണ് ഭേദഗതി വരുത്തിയത്.
പിതാവ് കുവൈത്തിലില്ളെങ്കില്‍ കുടുംബ വിസ നല്‍കില്ല
കുവൈത്ത് സിറ്റി: കുടുംബവിസ അനുവദിക്കണമെങ്കില്‍ കുടുംബനാഥനായ പിതാവ് കുവൈത്തില്‍ താമസിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് പാസ്പോര്‍ട്ട്, പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ ജര്‍റാഹ് അറിയിച്ചു. രക്ഷിതാക്കള്‍ കുവൈത്തില്‍ താമസിക്കുന്നില്ളെങ്കില്‍ കുടുംബവിസ നല്‍കാനാവില്ല. രാജ്യത്തെ ജനസംഖ്യാ ഘടനയിലെ സന്തുലിതത്വം ഉറപ്പുവരുത്താനാണ് കുടുംബവിസ അനുവദിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.