രാജ്യത്ത് 70,000 പേര്‍ മയക്കുമരുന്നിന് അടിമകളെന്ന്

കുവൈത്ത് സിറ്റി: രാജ്യത്ത് താമസിക്കുന്നവരില്‍ 70,000 പേര്‍ മയക്കുമരുന്നിനടിമകളാണെന്ന് കുവൈത്ത് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ തലവന്‍ ഹനി സക്കരിയ പറഞ്ഞു. 300ല്‍ ഏഴുപേര്‍ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്ന കണക്കുകള്‍ ഗുരുതരമാണ്. ഇവരിലധികവും യുവാക്കളാണ്. ആത്മവിശ്വാസമില്ലായ്മയും ഒഴിവുസമയത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ അറിയാത്തതുമാണ് ആളുകളെ ഇത്തരം കൊള്ളരുതായ്മകളില്‍ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്‍െറ ലോകത്തുനിന്ന് യുവാക്കളെ രക്ഷിക്കാന്‍ അധികൃതര്‍ ബോധവത്കരണ കാമ്പയിന് ഒരുങ്ങുകയാണ്. ഇതിന്‍െറ ഭാഗമായി സ്കൂളുകള്‍, കോളജുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ സന്ദര്‍ശനം നടത്തും.

വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് കാമ്പയിനെന്ന് ഹനി സക്കരിയ പറഞ്ഞു. പരിശീലനം ലഭിച്ച ആളുകള്‍ ബോധവത്കരണ ക്ളാസുകള്‍ക്ക് നേതൃത്വം വഹിക്കും. ഒഴിവുസമയങ്ങള്‍ എങ്ങനെ ക്രിയാത്മകമാക്കാം എന്നതിനെ കുറിച്ചും ക്ളാസുകള്‍ നടത്തും. മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും കാമ്പയിനിന്‍െറ ഭാഗമായി നടക്കും. ആയിരത്തിലേറെ മയക്കുമരുന്ന് കേസുകളാണ് ഈ വര്‍ഷം മാത്രം രേഖപ്പെടുത്തിയത്. രണ്ട് കോടിയിലേറെ ലഹരി ഗുളികകള്‍ ഇക്കാലയളവില്‍ പിടികൂടി.

420 കിലോ കഞ്ചാവാണ് കഴിഞ്ഞ എട്ടുമാസത്തിനിടെ പിടികൂടിയത്. ആഗസ്റ്റ് വരെയായി 1374 പേരെ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും 235 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. കുവൈത്തിനെ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികള്‍ ഉന്നം വെക്കുന്നതായാണ് അടുത്തകാലത്തുനടന്ന മയക്കുമരുന്ന് വേട്ടകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കുവൈത്ത് കൂടുതല്‍ രാജ്യങ്ങളില്‍ മയക്കുമരുന്ന് വിരുദ്ധ ഓഫിസ് സ്ഥാപിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യത്തേക്ക് പ്രധാനമായി മയക്കുമരുന്ന് കടത്തുന്ന രാജ്യങ്ങളില്‍ ഓഫിസ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഹരി മാഫിയയുടെ ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ലബനാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ കുവൈത്തിന് ഇത്തരം ഓഫിസുണ്ട്. കുവൈത്തിലേക്ക് കൂടുതലായി മയക്കുമരുന്ന് വരുന്ന സ്ഥലമെന്ന് കരുതുന്ന ഇറാഖില്‍ ഓഫിസ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്. ജി.സി.സി രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റുരാജ്യങ്ങളിലും ഓഫിസ് സ്ഥാപിക്കുന്നതിനെ കുറിച്ചാണ് അധികൃതര്‍ കഴിഞ്ഞ മാസം സൂചന നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.