ബലിപെരുന്നാള്‍: സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെ മേഖലയില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനിരിക്കെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
പെരുന്നാള്‍ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ബ്രിഗേഡിയര്‍ ആദില്‍ അഹ്മദ് അല്‍ ഹശ്ശാശ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറയും അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറയും പ്രത്യേക നിര്‍ദേശപ്രകാരം രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും വേണ്ട മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളിലത്തെുന്നവര്‍ക്കുവേണ്ട സുരക്ഷയും സൗകര്യവുമൊരുക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിരാവിലെ പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളിലേക്ക് പുറപ്പെടുന്നവര്‍ക്ക് പ്രയാസമുണ്ടാവാത്ത തരത്തില്‍ റോഡുകളില്‍ തിരക്ക് കുറക്കാനാവശ്യമായ നടപടികള്‍ ട്രാഫിക് വിഭാഗം സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലെ ഈദ്ഗാഹുകള്‍ക്ക്
വിലക്കേര്‍പ്പെടുത്തിയപോലെ പെരുന്നാള്‍ നമസ്കാരം നടക്കുന്ന പള്ളികളില്‍ ആളുകളെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും. നമസ്കാരം കഴിഞ്ഞ് വിശ്വാസികള്‍ക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ബലിയറുക്കല്‍ കര്‍മങ്ങള്‍ നടത്താനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണത്തിന്‍െറ ഭാഗമായി ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍, കടലോരങ്ങള്‍, എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷാ വിഭാഗത്തിന്‍െറ നിരീക്ഷണം ഉണ്ടായിരിക്കും. ട്രാഫിക് കുരുക്കുകള്‍ പരമാവധി ഇല്ലാതാക്കാന്‍ പ്രധാന റോഡുകളിലും അതിലേക്ക് എത്തിച്ചേരുന്ന കൈവഴി റോഡുകളിലും നിരീക്ഷണം നടത്താന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയതായി ആദില്‍ അല്‍ ഹശ്ശാശ് കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.