കുവൈത്ത് സിറ്റി: രാജ്യത്ത് ടാക്സി നിരക്ക് പുതുക്കി ഉത്തരവിറങ്ങിയെങ്കിലും ടാക്സികള്‍ ഓടുന്നത് പഴയ നിരക്കില്‍ തന്നെ. ടാക്സികളിലെ മീറ്റര്‍ അപ്ഗ്രേഡ് ചെയ്തതിന് ശേഷമേ പുതിയ നിരക്കില്‍ മീറ്റര്‍ തുക ഈടാക്കാനാവൂ. ഇതിന് ഇനിയും സമയമെടുക്കും. ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് നിരക്ക് സംബന്ധമായ അറിയിപ്പ് വാണിജ്യ മന്ത്രാലയത്തിന് ഇനിയും ലഭിച്ചിട്ടില്ല എന്നാണ് വിവരം. വാണിജ്യ മന്ത്രാലയത്തില്‍നിന്ന് അറിയിപ്പ് ടാക്സി മീറ്റര്‍ കമ്പനികള്‍ക്ക് ലഭിച്ചാല്‍ മാത്രമേ പുതുക്കിയ നിരക്ക് അവര്‍ മീറ്ററില്‍ അപ്ഡേറ്റ് ചെയ്യുകയുള്ളൂ. മീറ്റര്‍ കമ്പനികളില്‍ നിരക്ക് അറിയിപ്പ് ഒൗദ്യോഗികമായി ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ മീറ്റര്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ തുടര്‍ന്ന് വലിയ വരുമാനം ലഭിക്കാത്ത മീറ്റര്‍ കമ്പനികള്‍ക്ക് വിവിധ ഇനങ്ങളിലായുള്ള 18,000ത്തോളം ടാക്സികള്‍ മീറ്റര്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഓര്‍ക്കാപ്പുറത്ത് വന്‍ ചാകരയാണ് ലഭിക്കാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ മീറ്റര്‍ കമ്പനികള്‍ എത്രയും വേഗം വാണിജ്യ മന്ത്രാലയത്തില്‍നിന്ന് നിരക്ക് അറിയിപ്പ് സ്വീകരിച്ച് കര്‍ത്തവ്യം പൂര്‍ത്തിയാക്കും എന്ന പ്രതീക്ഷയിലാണ് ടാക്സി ഡ്രൈവര്‍മാര്‍.
അതേസമയം, വ്യാഴാഴ്ച വൈകീട്ട് വരെ നിരക്ക് ഒൗദ്യോഗികമായി ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങള്‍ അവധിയായതിനാല്‍ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടതുണ്ട്. കമ്പനികള്‍ക്ക് അറിയിപ്പ് ലഭിക്കുന്ന അന്നുമുതല്‍ കമ്പനികളില്‍ ടാക്സികളുടെ വന്‍നിരതന്നെയുണ്ടാവും. മുഴുവന്‍ ടാക്സികളും അപ്ഗ്രേഡ് ചെയ്ത മീറ്ററുകളുമായി നിരത്തിലത്തൊന്‍ ഒരുമാസമെങ്കിലും വേണ്ടിവരും. ബലിപെരുന്നാള്‍ അവധിയുംകൂടി കണക്കിലെടുക്കുമ്പോള്‍ ദിവസങ്ങള്‍ നീണ്ടുപോവുന്ന സാഹചര്യമുണ്ട്.
പുതുക്കിയ നിരക്കനുസരിച്ചാണ് ടാക്സികള്‍ ഓടുന്നത് എന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കുമെന്നാണ് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 14 വര്‍ഷം മുമ്പത്തെ മീറ്റര്‍ നിരക്കാണ് എല്ലാ ടാക്സികളിലും നിലനില്‍ക്കുന്നത്. ഇതനുസരിച്ച് മിനിമം ചാര്‍ജ് 150 ഫില്‍സും കിലോമീറ്ററിന് 50 ഫില്‍സുമാണ്. വേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുകയും പൊതുവെ തിരക്ക് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുന്നത് നിലവിലെ സാഹചര്യത്തില്‍ ടാക്സിക്കാരെ വലക്കും. മീറ്റര്‍ അപ്ഗ്രേഡ്ചെയ്തുകിട്ടാനുള്ള സാവകാശം മന്ത്രാലയം വകവെച്ചുനല്‍കുമെന്ന പ്രതീക്ഷയിലാണ് ടാക്സി ഡ്രൈവര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.