ഇന്ധന വിലവര്‍ധന: എം.പിമാരും ഗവ. പ്രതിനിധികളും യോഗം ചേരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് പെട്രോള്‍ നിരക്ക് വര്‍ധിപ്പിച്ച നടപടി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്‍റ് അംഗങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും സംയുക്തയോഗം ബുധനാഴ്ച ചേരും. 
നിരക്ക് വര്‍ധന നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ പാര്‍ലമെന്‍റംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചേക്കും. നിരക്ക് കുറക്കാതെ തന്നെ പ്രശ്നം പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയും പാര്‍ലമെന്‍റിന്‍െറ അംഗീകാരമില്ലാതെയുമാണ് ഇന്ധനവില വര്‍ധിപ്പിച്ചതെന്ന കാരണം പറഞ്ഞ് അഡ്മിനിസ്ട്രേറ്റിവ് അതിവേഗ കോടതി വിലവര്‍ധന സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ ബുധനാഴ്ചത്തെ യോഗത്തിന് പ്രത്യേകതയേറെയാണ്. പാര്‍ലമെന്‍റിന്‍െറ അനുമതി കൂടാതെ പെട്രോള്‍ വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്ക് നിയമസാധുതയില്ളെന്ന അഡ്മിനിസ്ട്രേറ്റിവ് കോടതിയുടെ വിധി വര്‍ധനക്കെതിരായ എം.പിമാരുടെ പ്രതിഷേധത്തിന് കരുത്തുപകര്‍ന്നിരിക്കുകയാണ്.
 വിഷയത്തില്‍ പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള അസ്വാരസ്യം ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് ബുധനാഴ്ച സംയുക്തയോഗം വിളിച്ചിരിക്കുന്നത്. അതേസമയം, ബുധനാഴ്ചത്തെ യോഗം ബഹിഷ്കരിക്കുമെന്ന് ചില എം.പിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോള്‍ നിരക്ക് പരിഷ്കരണം ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്‍റ് അടിയന്തരമായി വിളിച്ചുകൂട്ടണമെന്ന എം.പിമാരുടെ പ്രമേയം സ്പീക്കര്‍ നിരാകരിച്ചിരുന്നു.
ഒക്ടോബര്‍ 15ന് പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ അടിയന്തര സമ്മേളനം അപ്രായോഗികമാണെന്ന സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗനീമിന്‍െറ നിലപാടില്‍ പ്രതിഷേധിച്ചാണ് ചില അംഗങ്ങള്‍ യോഗം  ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. 
അമീറിന്‍െറ പ്രത്യേക ഉത്തരവിലൂടെ വര്‍ധിപ്പിച്ച നിരക്ക് നിലനിര്‍ത്തിക്കൊണ്ടുതന്നെ എം.പിമാരെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. 
ഡ്രൈവിങ് ലൈസന്‍സുള്ള സ്വദേശികള്‍ക്ക് പ്രതിമാസം 15 ദീനാര്‍ വീതം പെട്രോള്‍ അലവന്‍സ് നല്‍കുക, പണപ്പെരുപ്പ അലവന്‍സ് ആയി നല്‍കിവരുന്ന തുക 120 ദീനാറില്‍നിന്ന് 150 ആക്കി വര്‍ധിപ്പിക്കുക, സ്വദേശികള്‍ ഓരോ തവണ പെട്രോള്‍ നിറക്കുമ്പോഴും സബ്സിഡി തുക സിവില്‍ ഐ.ഡി കാര്‍ഡ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുക തുടങ്ങിയ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.