കൊട്ടിക്കലാശവും കോലാഹലവുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊട്ടിക്കലാശവും കോലാഹലവുമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോള്‍, ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഇതൊരു കൗതുകമാണ്. 
15ാം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ കുവൈത്തിന്‍െറ തെരുവുകളില്‍ പ്രചാരണ കോലാഹലങ്ങളൊന്നുമില്ല. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാന നാളുകളില്‍ കാണുന്ന മൈക്കും പാട്ടും ബഹളവുമൊന്നും ഇവിടെയില്ല. പ്രചാരണ പരസ്യബോര്‍ഡുകള്‍ മാത്രമാണ് തെരുവുകളില്‍ തെരഞ്ഞെടുപ്പ് കാലത്തിന്‍െറ പ്രതീതിയുണര്‍ത്തുന്ന ഏക അടയാളം. നവംബര്‍ 26നാണ് തെരഞ്ഞെടുപ്പ്. രാജ്യം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പെന്നാണ് 15ാം പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബഹിഷ്കരണം അവസാനിപ്പിച്ച് പ്രതിപക്ഷ, ഇസ്ലാമിസ്റ്റ് കക്ഷികള്‍ മത്സരരംഗത്ത് സജീവമായത് മത്സരം ശക്തമാകാന്‍ വഴിവെച്ചിട്ടുണ്ട്. പ്രചാരണത്തിന് ഒരുക്കിയ ടെന്‍റുകളും ദീവാനികളും പണക്കൊഴുപ്പിന്‍െറ ഇടങ്ങളാണ്. 
20,000 മുതല്‍ 45,000 ദീനാര്‍ വരെ ചെലവഴിച്ചാണ് ആഡംബര ടെന്‍റുകള്‍ ഒരുക്കുന്നത്. വൈകുന്നേരത്തോടെ സജീവമാവുന്ന ടെന്‍റുകളില്‍ വോട്ടര്‍മാര്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ടെന്‍റുകളില്‍ എത്തുന്നവര്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റുകളുടെ സഹായം തേടുന്നുണ്ട്. കമനീയമായി തയാറാക്കിയ ടെന്‍റുകളില്‍ സ്വാദിഷ്ഠമായ വിഭവങ്ങളും വൈഫൈ ഉള്‍പ്പെടെ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സൊറ പറഞ്ഞിരിക്കാന്‍ ഇരിപ്പിടങ്ങളും വലിയ ടെലിവിഷന്‍ സ്ക്രീനുകളുമെല്ലാമായി ഒരു ആഡംബര ഹോട്ടലിന്‍െറ പ്രതീതിയാണ് ഓരോ ടെന്‍റുകളും. പത്രപരസ്യങ്ങളും ടെലിവിഷന്‍ പരസ്യങ്ങളും സജീവമാണ്. അതിനിടെ, മുനിസിപ്പല്‍ അധികൃതര്‍ നടത്തിയ റെയ്ഡില്‍ സ്ഥാനാര്‍ഥികളുടെ 548 തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ എടുത്തുമാറ്റി. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളാണ് പൊളിച്ചുമാറ്റിയത്. പ്രത്യേക അനുവാദം തരപ്പെടുത്തിയതിന് ശേഷമല്ലാതെ സ്ഥാപിക്കുന്ന എല്ലാതരം ബോര്‍ഡുകളും ബാനറുകളും എടുത്തുമാറ്റുമെന്നും സ്ഥാനാര്‍ഥികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും ഫര്‍വാനിയ മുനിസിപ്പാലിറ്റി പരിശോധക വിഭാഗം മേധാവി ഖാലിദ് അല്‍ റദ്ആന്‍ പറഞ്ഞു.
 സോഷ്യല്‍ മീഡിയയിലും പ്രചാരണം അരങ്ങുതകര്‍ക്കുകയാണ്. മിക്കവാറും എല്ലാ വോട്ടര്‍മാരിലേക്കും നേരിട്ട് എത്താമെന്നതും പരമ്പരാഗത പ്രചാരണരീതിയേക്കാള്‍ ആകര്‍ഷകമാണെന്നതും സാമൂഹിക മാധ്യമങ്ങളെ പ്രചാരണരംഗത്ത് മുന്നിലത്തെിക്കുന്നു. 
ട്വിറ്റര്‍, ഫേസ്ബുക്, വാട്ട്സ് ആപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ അവകാശവാദങ്ങളുടെയും വാഗ്ദാനങ്ങളുടെയും ഒഴുക്കാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം ഏറ്റെടുത്ത് നടത്താന്‍ വന്‍കിട കമ്പനികള്‍ രംഗത്തുണ്ട്. കമ്പനികളെ സംബന്ധിച്ച് ചാകരയാണ് തെരഞ്ഞെടുപ്പ് കാലം. 140 കാരക്ടറുകള്‍ പരസ്യമാറ്ററുകളായോ വിഡിയോകളായോ പ്രചരിപ്പിക്കുന്നതിന് 300 മുതല്‍ 1000 ദീനാര്‍ വരെയാണ് കമ്പനികള്‍ ഈടാക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള പ്രചാരണം മൊത്തമായി ഏറ്റെടുക്കുന്നതിന് 10,000 ദീനാര്‍ മുതല്‍ 60,000 ദീനാര്‍ വരെയാണ് നിരക്കെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.