മാതൃഭാഷാ സംരക്ഷണം സംസ്കാര സംരക്ഷണം –എന്‍.എസ്. മാധവന്‍

കുവൈത്ത് സിറ്റി: മാതൃഭാഷയുടെ സംരക്ഷണം സംസ്കാരത്തിന്‍െറ സംരക്ഷണമാണെന്നും സംസ്കാരം സമൂഹത്തില്‍നിന്ന് കലാപങ്ങളെ അകറ്റുമെന്നും പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. ജീവിതവിജയത്തിന് മാതൃഭാഷയില്‍ അടിത്തറയുണ്ടാകണമെന്ന അറിവ് രക്ഷിതാക്കള്‍ക്കുണ്ടാകണം. മറ്റെന്തിനും മുകളില്‍ ജീവിതത്തെ സ്വാധീനിക്കുന്നതാണ് ഭാഷ -അദ്ദേഹം പറഞ്ഞു. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈത്ത്) മെഗാ സാംസ്കാരിക മേള ‘സമന്വയം 2016’ല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷാ പഠനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സൗത് സബഹിയ അല്‍ഫൈസലിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കല കുവൈത്ത് പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹികപ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ രമേശ് സ്മാരക പ്രവാസി പുരസ്കാരം യു.എ.ഇയിലെ കൊച്ചുകൃഷ്ണന് എന്‍.എസ്. മാധവന്‍ സമ്മാനിച്ചു. സുവനീര്‍ ബി.ഇ.സി എക്സ്ചേഞ്ച് പ്രതിനിധി മാത്യുസ് വര്‍ഗീസ് പ്രകാശനം ചെയ്തു. പ്രേമന്‍ ഇല്ലത്തിന്‍െറയും ധര്‍മരാജ് മാപ്പിള്ളിയുടെയും രചനകളുടെ പ്രകാശനം വേദിയില്‍ അരങ്ങേറി. കേരള സംഗീത നാടക അക്കാദമി പ്രവാസി നാടകമത്സരത്തില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് തോലാബ്ര, മികച്ച നാടകമായ മുരിക്കിന്‍െറ രചയിതാവ് ദിലീപ് നടേരി, അണിയറയില്‍ പ്രവര്‍ത്തിച്ച ഷംസുദ്ദീന്‍, കുവൈത്ത് ക്രിക്കറ്റില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഡിജു സേവ്യര്‍, പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പി.വി. മുസ്തഫ എന്നിവര്‍ക്ക് ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. മാതൃഭാഷാ സമിതിയുടെ റിപ്പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് അവതരിപ്പിച്ചു. രജത ജൂബിലി അഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ മാത്യു, വനിതാവേദി പ്രസിഡന്‍റ് ശാന്ത ആര്‍. നായര്‍, പ്രോഗ്രസിവ് പ്രഫഷനല്‍ ഫോറം പ്രസിഡന്‍റ് വിനോദ് എ.പി. നായര്‍, കല കുവൈത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. സൈജു, ബാലവേദി പ്രതിനിധി എ.എസ്. അദൈ്വത് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഗായകരായ ലതികയും ദിനേശും നയിച്ച സംഗീതസന്ധ്യ അരങ്ങേറി. കുവൈത്തിലെ സാഹിത്യകാരന്മാരുടെ കൃതികള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.