വിസമാറ്റ അനുമതിക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മാന്‍പവര്‍ അതോറിറ്റി

കുവൈത്ത് സിറ്റി: തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്ന് വിസ മാറ്റത്തിന് ശ്രമിക്കുന്ന തൊഴിലാളികള്‍ക്ക് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്.
നടപടിക്രമങ്ങള്‍ മുഴുവനായി പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കണം ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്ന് വിസ മാറ്റത്തിനുള്ള അനുവാദം കരസ്ഥമാക്കേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ വിസ മാറുന്നതിനുള്ള അനുവാദം കരസ്ഥമാക്കിയാല്‍ ഒരുമാസം കഴിഞ്ഞാല്‍ നേടിയെടുത്ത അനുമതിപത്രത്തിന് പ്രാബല്യമുണ്ടായിരിക്കില്ളെന്ന് മാന്‍പവര്‍ അതോറിറ്റി പ്രത്യേക ഉത്തരവിലൂടെ അറിയിച്ചു. തന്‍െറ തൊഴിലാളി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്ന് വിസ മാറ്റത്തിനുള്ള അനുമതി കരസ്ഥമാക്കിയാല്‍ അതിനെതിരെ തൊഴിലുടമ കൊടുക്കുന്ന പരാതികള്‍ സ്വീകരിക്കപ്പെടുകയില്ളെന്നും പുതിയ ഉത്തരവിലുണ്ട്. തൊഴില്‍കാര്യ ഡിപ്പാര്‍ട്ട്മെന്‍റുകളുമായി ബന്ധപ്പെട്ട ഇത്തരം പേപ്പറുകളില്‍ തൊഴിലാളി ഒപ്പുവെച്ചിട്ടുണ്ടെങ്കിലാണ് തൊഴിലുടമയുടെ പരാതി നിരസിക്കപ്പെടുക. അതേസമയം, കരാറടിസ്ഥാനില്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ വിസ മാറ്റാന്‍ ഒരുങ്ങുന്നതിനുമുമ്പ് തൊഴിലുടമക്ക് മുന്നറിയിപ്പ്  നോട്ടീസ് നല്‍കണം. നിശ്ചിത മാസശമ്പളം കണക്കാക്കി കമ്പനിയുടെ ഭാഗത്തുനിന്ന് നിയമിക്കപ്പെട്ട തൊഴിലാളി വിസ മാറുന്നതിന് മൂന്നുമാസം മുമ്പും മറ്റു തൊഴിലാളികള്‍ ഒരു മാസം മുമ്പുമാണ് തൊഴിലുടമക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കേണ്ടത്. താന്‍ വിസ മാറാന്‍ ഉദ്ദേശിക്കുന്നതായും അതിനുള്ള സൗകര്യങ്ങള്‍ ചെയ്തുതരണമെന്നും രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. ഈ മുന്നറിയിപ്പുകാലത്തിന് പകരം തൊഴിലുടമ നിശ്ചയിക്കുന്ന നിശ്ചിത തുക നല്‍കിയും വിസ മാറ്റത്തിനുള്ള നടപടികളുമായി തൊഴിലാളിക്ക് മുന്നോട്ടുപോകാന്‍ സാധിക്കും. മുന്നറിയിപ്പിന് പകരമായി നല്‍കിയ തുക സ്വീകരിക്കാന്‍ തൊഴിലുടമ വിസമ്മതിക്കുന്ന പക്ഷം അതിനുള്ള തെളിവുകള്‍ സഹിതം ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റിനെ സമീപിക്കാനും അതുവഴി റിലീസിലുള്ള അനുമതി കരസ്ഥമാക്കാനും തൊഴിലാളിക്ക് സാധിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്‍െറ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലാളിക്കെതിരെ  കോടതിയെ സമീപിക്കാന്‍ തൊഴിലുടമക്കും അവകാശമുണ്ട്.  തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തകര്‍ക്ക പരിഹാര സെല്ലിലത്തെിയാല്‍ അധികൃതര്‍ക്കുമുന്നില്‍ തൊഴിലാളി നേരിട്ട് ഹാജരാകണമെന്ന നിബന്ധനയും പുതുതായുണ്ട്. തെളിവെടുപ്പ് സമയത്ത് വേണമെങ്കില്‍ തൊഴിലാളിക്ക് അഭിഭാഷകനെയോ അതുപോലുള്ള നിയമവിദഗ്ധരെയോ കൂടെക്കൂട്ടുന്നതിന് അനുവാദമുണ്ടായിരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.