വിദേശികള്‍ക്ക് റെസിഡന്‍സി കാര്‍ഡ് വരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് റെസിഡന്‍സി കാര്‍ഡുകള്‍  നല്‍കുന്ന കാര്യം പരിഗണയിലെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. നിലവില്‍ പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തിലാണ് വിദേശികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) പതിച്ചുനല്‍കുന്നത്. ഇതിനുപകരം പ്രത്യേക റെസിഡന്‍സി കാര്‍ഡുകള്‍ നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ  താമസകാര്യവകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍മറാഫി വ്യക്തമാക്കി. റെസിഡന്‍സി കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെയും സ്പോണ്‍സറുടെയും പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കും.
 സിവില്‍ ഐഡി കാര്‍ഡ് പോലെ പുതുക്കാന്‍ കഴിയുന്നതുമായിരിക്കും ഇത്. ഈ സംവിധാനം നടപ്പാക്കിത്തുടങ്ങിയാല്‍ പാസ്പോര്‍ട്ട് പേജുകളില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്ന രീതി അവസാനിപ്പിക്കും. നിലവില്‍ പലപ്പോഴും സ്റ്റിക്കര്‍ പതിക്കാന്‍ പാസ്പോര്‍ട്ടില്‍ പേജ് ലഭ്യമാവാത്ത അവസ്ഥയുണ്ട്. റെസിഡന്‍സി കാര്‍ഡ് സംവിധാനം വരുന്നതോടെ തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചുവെക്കുന്നത് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് താമസകാര്യവകുപ്പിന്‍െറ കണക്കുകൂട്ടല്‍. ഒരു രാജ്യത്തെ പൗരന് നല്‍കുന്ന പാസ്പോര്‍ട്ട് വിദേശരാജ്യങ്ങളിലെ തൊഴിലുടമകള്‍ പിടിച്ചുവെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. എന്നാല്‍, തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ അനുമതിയില്ലാതെ രാജ്യംവിടുന്നത് തടയാനും ജോലിയില്‍നിന്ന് മുങ്ങാതിരിക്കാനുമൊക്കെയായി തൊഴിലുടമകള്‍ പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്നത് പതിവാണ്. 
റെസിഡന്‍സി കാര്‍ഡ് വരുന്നതോടെ ഇത് ഒഴിവാകും. രാജ്യത്തുനിന്ന് പുറത്തുപോവുന്നതിനും തിരിച്ചുവരുന്നതിനും വിമാനത്താവളങ്ങളിലും മറ്റു അതിര്‍ത്തികളിലും പാസ്പോര്‍ട്ടിനൊപ്പം റെസിഡന്‍സി കാര്‍ഡും കാണിക്കേണ്ടിവരും. പുറത്തുപോവുമ്പോള്‍ തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള എക്സിറ്റ് പെര്‍മിറ്റും റെസിഡന്‍സി കാര്‍ഡ് സംവിധാനത്തിനൊപ്പം നിലവില്‍വരുമെന്ന് തലാല്‍ അല്‍മറാഫി വ്യക്തമാക്കി. അതിനിടെ, അത്യാവശ്യഘട്ടങ്ങളില്‍ വിദേശികള്‍ക്ക് കുടുംബ, വാണിജ്യ സന്ദര്‍ശക വിസ നീട്ടിനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കുറച്ചുകാലമായി സന്ദര്‍ശകവിസ നീട്ടിനല്‍കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു.
പൊതുവെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന സമീപനമാണ് കുവൈത്തിനുള്ളതെങ്കിലും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് മറാഫി വ്യക്തമാക്കി. സന്ദര്‍ശകവിസയുടെ കാലാവധി നീട്ടിനല്‍കുന്നതിനും നിലവില്‍ പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുകയാണ് ചെയ്യുന്നത്. ഇതിനു പകരം പ്രത്യേക എക്സ്റ്റന്‍ഷന്‍  റബര്‍ സ്റ്റാമ്പുകള്‍ ഉപയോഗിച്ച് പുതിയ കാലാവധി വിസയില്‍ മുദ്രണം ചെയ്യുന്ന രീതി അവലംബിക്കാനാണ് തീരുമാനം. 
ഇതിനായുള്ള പ്രത്യേക സ്റ്റാമ്പുകള്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ ലഭ്യമാകുന്ന മുറക്ക് കുടുംബ, വാണിജ്യ സന്ദര്‍ശക വിസാ കാലാവധി നീട്ടിനല്‍കുന്നത് പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വളരെ  അത്യാവശ്യമെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സന്ദര്‍ശക വിസാ കാലാവധി നീട്ടിനല്‍കൂ എന്നും മറാഫി കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.