അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 270 കോടി ദീനാറിന്‍െറ വികസന പദ്ധതി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ നവീകരണത്തിന് അരങ്ങൊരുങ്ങുന്നു. വിമാനത്താവളത്തില്‍ 270 കോടി ദീനാറിന്‍െറ വന്‍ വികസന പദ്ധതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് സിവില്‍ ഏവിയേഷന്‍  ഡിപ്പാര്‍ട്ട്മെന്‍റ് ജനറല്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ഫൗസാനാണ് വ്യക്തമാക്കിയത്.
അടുത്തിടെ മന്ത്രിസഭ അംഗീകാരം നല്‍കിയ 131 കോടി ദീനാറിന്‍െറ പുതിയ യാത്രാ ടെര്‍മിനല്‍ നിര്‍മാണത്തിന് പുറമെ ചെറുതും വലുതുമായ 76 പദ്ധതികളാണ് വിമാനത്താവള വികസനത്തിന്‍െറ ഭാഗമായി വരുന്നത്. സേവന, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ടവയാണ് പദ്ധതികള്‍. യാത്രക്കാരുടെ എണ്ണത്തില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന കണക്കിലെടുത്തുകൊണ്ടുള്ള ദീര്‍ഘകാല വികസന പദ്ധതിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.  പ്രതിവര്‍ഷം 80 ലക്ഷം യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് വിമാനത്താവളത്തിലുള്ളത്. അതേസമയം, പുതിയ കണക്കുകള്‍ പ്രകാരം  പ്രതിവര്‍ഷം 12 മില്യന്‍ യാത്രക്കാരെ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.
ഇത് യാത്രക്കാരുടെ സുഗമമായ നീക്കത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന്‍െറ ഭാഗമായി പാസ്പോര്‍ട്ട് ക്ളിയറന്‍സ് ഏരിയകള്‍, ചെക്കിങ് കൗണ്ടറുകള്‍, കാര്‍പാര്‍ക്കിങ് കേന്ദ്രങ്ങള്‍, യാത്രക്കാരുടെ വിശ്രമസ്ഥലങ്ങള്‍ എന്നിവയുടെ വിശാലത വര്‍ധിപ്പിക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കും. പുതിയ രണ്ടാം യാത്രാ ടെര്‍മിനല്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ പ്രതിവര്‍ഷം 25 മില്യന്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, വിമാനത്താവള വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്‍െറ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങള്‍ക്ക് മാത്രമായി ഒമ്പതു ഗേറ്റുകളുണ്ടാകുമെന്ന് കമ്പനി ഡയറക്ടര്‍ റഷാ അല്‍ റൂമി സൂചിപ്പിച്ചു. എയര്‍ബസ് 320, 330 ഇനങ്ങളില്‍പ്പെട്ട പുതിയ വിമാനങ്ങള്‍ ലഭ്യമാക്കി കമ്പനി ആധുനിക വത്കരിക്കുന്നതിന്‍െറ ഭാഗമായാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ യാത്രാ ടെര്‍മിനല്‍ നിര്‍മാണത്തിന് തുര്‍ക്കിയിലെ ലിമാക് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്.
സാങ്കേതിക നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാനുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. നവീകരണം പൂര്‍ത്തിയാവുമ്പോള്‍ 51 പുതിയ എയര്‍ക്രാഫ്റ്റ് ഗേറ്റുകളാണ് ഉണ്ടാവുക. ഇതില്‍ 21 എണ്ണം എയര്‍ബസ് 380 ഇനത്തില്‍ പെട്ട വലിയ വിമാനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരിക്കും. നവീകരണത്തിന്‍െറ ആദ്യഘട്ടം കഴിയുന്നതോടെ 1.3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കൈവരിക്കും. നവീകരണം പൂര്‍ത്തിയാവുന്നതോടെ രണ്ടര കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയായി ഇത് ഉയരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.