തൊഴിലാളികളുടെ താമസം: പരിശോധന ശക്തമാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലാളികളുടെ പാര്‍പ്പിട സൗകര്യങ്ങളില്‍ വീഴ്ചവരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ അതോറിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികളുടെ പാര്‍പ്പിട സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കുമെന്ന വ്യവസ്ഥയിലാണ് സ്വകാര്യകമ്പനികളുമായി സര്‍ക്കാര്‍ തൊഴില്‍ കരാറുകളില്‍ ഏര്‍പ്പെടുന്നത്. തൊഴിലുടമകളില്‍നിന്ന് തൊഴിലാളിക്ക് ലഭിക്കേണ്ട ഈ അവകാശങ്ങളില്‍ പോരായ്മകള്‍ സംഭവിക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ വ്യവസ്ഥയനുസരിച്ച് ഒരു മുറിയില്‍ നാലു തൊഴിലാളികളില്‍ കൂടുതല്‍പേരെ പാര്‍പ്പിക്കാന്‍ പാടില്ല. നാലുപേര്‍ക്ക് താമസിക്കാനുള്ള റൂമിന് നിശ്ചിത നീളവും വീതിയും ഉണ്ടായിരിക്കുകയും വേണം.  തൊഴിലാളികള്‍ക്ക് ഒരുമിച്ച് താമസിക്കാനായി ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക വില്ലകള്‍പോലുള്ളതില്‍ എട്ടുപേര്‍ക്ക് മാത്രമേ താമസസൗകര്യം നല്‍കാന്‍ പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്. ഇത്തരം താമസയിടങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് റൂമുകള്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിനുപുറമെ ഒരാള്‍ക്ക് കിടന്നുറങ്ങാന്‍ ഒരു കട്ടില്‍, വിരിപ്പ്, പുതപ്പ് എന്നിവ വെവ്വേറെ നല്‍കണമെന്ന വ്യവസ്ഥയാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. ഈ നിബന്ധനകള്‍ നേരത്തേയുള്ളതാണെങ്കിലും മിക്ക സ്വകാര്യ കമ്പനികളിലെയും തൊഴിലാളികള്‍ക്ക് ഈ  സൗകര്യം ലഭിക്കുന്നില്ളെന്ന വസ്തുതയാണുള്ളത്.
ഒരു റൂമില്‍ ഇരട്ട കട്ടിലുകളിട്ട് നിരവധി തൊഴിലാളികളെ ഒരുമിച്ച് താമസിപ്പിക്കുന്ന പ്രവണത തൊഴിലുടമകളുടെ ഭാഗത്തുനിന്ന് വ്യാപകമായുണ്ടാകുന്നുണ്ട്. അതുപോലെ, ഭക്ഷണം കഴിക്കാന്‍ പ്രത്യേകം മുറിയില്ലാതെയും മറ്റും പ്രയാസപ്പെടുന്ന സാഹചര്യമുണ്ടെന്ന നിരവധി  പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി പരിശോധന ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.