കുവൈത്ത് സിറ്റി: തനിക്കെതിരെ പാര്‍ലമെന്‍റംഗം സാലിഹ് അല്‍ആഷൂര്‍ കൊണ്ടുവന്ന കുറ്റവിചാരണപ്രമേയം തൊഴില്‍, സാമൂഹിക കാര്യമന്ത്രി ഹിന്ദ് അസ്സബീഹ് അതിജയിച്ചു. രണ്ടുദിവസം നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് അവിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങാതെ കുറ്റവിചാരണ കടമ്പകടക്കാന്‍ മന്ത്രിക്കായത്. തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിനുകീഴില്‍ വരുന്ന കോഓപറേറ്റിവ് സൊസൈറ്റികളില്‍ (ജംഇയ്യ) ഡിപ്പാര്‍ടമെന്‍റ് തലത്തിലും മറ്റും നടക്കുന്ന വ്യാപകമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ സാലിഹ് അല്‍ആഷൂര്‍ കുറ്റവിചാരണപ്രമേയം കൊണ്ടുവന്നത്.
സര്‍ക്കാറിന്‍െറ കൂടി സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിട്ടുകൂടി അമിതലാഭമെടുക്കുന്ന സ്ഥാപനങ്ങളായി ജംഇയ്യകള്‍ മാറിയിട്ടുണ്ടെന്നും ജംഇയ്യകളുടെ ഭരണതലത്തില്‍ നടക്കുന്ന ക്രമക്കേടുകളും കൊള്ളരുതായ്മകളും നിരീക്ഷിക്കുന്നതില്‍ വരുന്ന വീഴ്ചകളാണ് ഈ രംഗത്ത് വ്യാപകമായ ക്രമക്കേടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് അല്‍ആഷൂര്‍ കുറ്റവിചാരണപ്രമേയ നോട്ടീസില്‍ ആരോപിച്ചിരുന്നത്. സര്‍ക്കാറിന്‍െറ പൊതുമുതല്‍ വ്യാപകമായി അന്യാധീനപ്പെടാന്‍ കാരണമായ ഈ വിഷയത്തില്‍ മന്ത്രി മറുപടിപറയണമെന്ന ആവശ്യം സാലിഹ് ആഷൂര്‍ പാര്‍ലമെന്‍റിലും ആവര്‍ത്തിച്ചു. അതേസമയം, രാജ്യത്തെ കോഓപറേറ്റിവ് സൊസൈറ്റികളുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് സംവിധാനമുണ്ടെന്നും ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റ് ഉദ്യോഗസ്ഥര്‍ അത് നിര്‍വഹിക്കുന്നുണ്ടെന്നും മന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായംമാനിച്ച് ജംഇയ്യകളില്‍ അടുത്തിടെ നടന്നതായി പറയപ്പെട്ട നിയമലംഘനങ്ങളെക്കുറിച്ച് പ്രോസിക്യൂഷന് വിവരംനല്‍കാന്‍ സര്‍ക്കാറിനെ ചുമതലപ്പെടുത്തി.
പൊതുമുതല്‍ നഷ്ടപ്പെടാന്‍ കാരണമായേക്കാവുന്ന വിഷയമായതിനാല്‍ ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവെടുപ്പിനായി പ്രോസിക്യൂഷന് നല്‍കണമെന്നും പാര്‍ലമെന്‍റ് നിര്‍ദേശം വെച്ചിട്ടുണ്ട്. തുടര്‍ന്നും അല്‍ആഷൂര്‍ തന്‍െറ നിലപാടുകളില്‍ ഉറച്ചുനിന്നെങ്കിലും അവിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടാനാവശ്യമായ പത്തു എം.പിമാരുടെ പിന്തുണ കിട്ടാതായതോടെ ഈ വിഷയത്തിലുള്ള ചര്‍ച്ച അവസാനിക്കുകയും മന്ത്രി കുറ്റവിചാരണ അതിജീവിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.