കുവൈത്ത് സിറ്റി: അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ കുറവും പൊതുചെലവ് വര്‍ധിച്ചതും മൂലം ഉണ്ടായ ബജറ്റ് കമ്മി നികത്താന്‍ ഇസ്ലാമിക കടപ്പത്രങ്ങള്‍ (ബോണ്ട്) ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ധനമന്ത്രി അനസ് സാലിഹാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇതുസംബന്ധിച്ച നിയമനിര്‍മാണം നടത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായി വ്യക്തമാക്കിയ അദ്ദേഹം വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. ഏപ്രില്‍ മുതല്‍ തുടങ്ങുന്ന അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ബജറ്റ് കമ്മി 1200 കോടി ദീനാറായി ഉയരുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സര്‍ക്കാര്‍ കമ്മി നികത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്. 1998-99 സാമ്പത്തിക വര്‍ഷത്തിനുശേഷം ആദ്യമായാണ് കുവൈത്ത് ബജറ്റ് കമ്മിയില്‍ അവസാനിച്ചത്.
സാധാരണ അവതരിപ്പിക്കുമ്പോള്‍ ബജറ്റ് കമ്മിയില്‍തന്നെയാണുണ്ടാവാറെങ്കിലും എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍വില ലഭിക്കുന്നതോടെ വര്‍ഷാവസാനം വന്‍ മിച്ചത്തില്‍ കലാശിക്കാറാണ് പതിവ്. എന്നാല്‍, ഇത്തവണ എണ്ണവില കുവൈത്ത് ബജറ്റില്‍ കണക്കുകൂട്ടുന്ന ബാരലിന് 60 ഡോളറിലും ഏറെ താഴ്ന്നതോടെയാണ് ബജറ്റ് കമ്മി യാഥാര്‍ഥ്യമായത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം 3181 കോടി ദീനാറായിരുന്നു കുവൈത്തിന്‍െറ വരുമാനമെങ്കില്‍ 2014-15 സാമ്പത്തിക വര്‍ഷം ഇത് 2492 കോടി ദീനാറായി കുറഞ്ഞു. 2929 കോടി ദീനാറുണ്ടായിരുന്ന എണ്ണ വരുമാനം 2250 കോടി ദീനാറായി കുറഞ്ഞതാണ് ഇതിന് കാരണം. എണ്ണ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേതില്‍നിന്ന് 23.2 ശതമാനം കുറവുണ്ടായപ്പോള്‍ മൊത്തം വരുമാനം 21.6 ശതമാനം കുറഞ്ഞു. നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കമ്മി ഇനിയും കൂടുമെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് കടപ്പത്രങ്ങള്‍ ഇറക്കുന്നതടക്കമുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. പൊതുചെലവ് കുറക്കാന്‍ സേവനങ്ങളുടെ സബ്സിഡി കുറക്കുന്നതുകൊണ്ട് മാത്രം കഴിയില്ളെന്ന തിരിച്ചറിവിലാണ് മറ്റു വഴികളിലേക്ക് തിരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.