കുവൈത്തിൽ വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനക്ക് ശിപാര്‍ശ

കുവൈത്ത് സിറ്റി: ആഗോളവിപണിയിലെ എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യം സമീപഭാവിയില്‍ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനക്ക് സര്‍ക്കാര്‍ ശിപാര്‍ശ. 
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജല, വൈദ്യുതി മന്ത്രാലയം അധികൃതര്‍ പാര്‍ലമെന്‍റ് സാമ്പത്തികസമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചു. പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്‍റ് സാമ്പത്തിക സമിതിയുടെ പ്രത്യേക യോഗത്തിലാണ് നിരക്ക് വര്‍ധനാ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, ഭൂരിഭാഗം എം.പിമാരും സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലത്തൊന്‍ യോഗത്തിന് സാധിച്ചില്ല. ഇതോടെ, ശനിയാഴ്ച വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സമിതി ചെയര്‍മാന്‍ ഫൈസല്‍ അല്‍ഷായ അറിയിച്ചു. ഉപഭോക്താക്കളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതിനിരക്ക് വര്‍ധന ശിപാര്‍ശ സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്വകാര്യ (സ്വദേശി) വീടുകള്‍, ഇന്‍വെസ്റ്റ്മെന്‍റ് വീടുകള്‍ (വിദേശികള്‍ക്ക് വാടകക്ക് നല്‍കുന്ന വീടുകളും അപ്പാര്‍ട്ട്മെന്‍റുകളും ഇതിലാണ് വരിക), വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയാണ് നാലുവിഭാഗങ്ങള്‍. സ്വദേശി വീടുകള്‍ക്ക് 3,000 കിലോവാട്ട് വരെ കിലോവാട്ടിന് മൂന്നു ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 6,000 മുതല്‍ 9,000 കിലോവാട്ട് വരെ 10 ഫില്‍സ് എന്നിങ്ങനെയും വാടക വീടുകള്‍ക്കും അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് 1,000 കിലോവാട്ട് വരെ അഞ്ച് ഫില്‍സ്, 1,000 മുതല്‍ 2,000 കിലോവാട്ട് വരെ എട്ട് ഫില്‍സ്, 2,000 മുതല്‍ 3,000 കിലോവാട്ട് വരെ 10 ഫില്‍സ് എന്നിങ്ങനെയും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. 
വാണിജ്യസ്ഥാപനങ്ങള്‍ക്ക് കിലോവാട്ടിന് 19 ഫില്‍സായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് നിലവിലെ രണ്ടു ഫില്‍സ് തന്നെ തുടരാനാണ് ശിപാര്‍ശ. ജല, വൈദ്യുതി മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബൂഷഹരി, ആസൂത്രണ, പരിശീലന വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മിഷാന്‍ അല്‍ഉതൈബി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ശിപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാവും. നിലവില്‍ എല്ലാതരം വീടുകള്‍ക്കും അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും കിലോവാട്ടിന് രണ്ടു ഫില്‍സാണ് വൈദ്യുതി നിരക്ക്.
 ഇതനുസരിച്ച് 3,000 കിലോവാട്ട് വരെ ഉപയോഗിച്ചാലും മാസത്തില്‍ പരമാവധി ആറു ദീനാര്‍ മാത്രമേ ചാര്‍ജ് വരൂ. എന്നാല്‍, പുതിയ ശിപാര്‍ശപ്രകാരം ഇത്രയും വൈദ്യുതി ഉപയോഗിച്ചാല്‍ 23 ദീനാര്‍ അടക്കേണ്ടിവരും. 1,000 കിലോവാട്ട് ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ രണ്ടു ദീനാറിനു പകരം അഞ്ചു ദീനാറും 2,000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ നാലു ദീനാറിന്‍െറ സ്ഥാനത്ത് 13 ദീനാറും നല്‍കേണ്ടിവരും. ഇന്ന് വീണ്ടും യോഗം ചേരുമ്പോഴും വൈദ്യുതി നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ പാര്‍ലമെന്‍റ് സമിതിയില്‍ സമവായമുണ്ടാവാന്‍ സാധ്യതയില്ളെന്നാണ് സൂചന. സ്വദേശികളിലെ കുറഞ്ഞ വരുമാനക്കാരെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശങ്ങളൊന്നും അംഗീകരിക്കാനാവില്ളെന്നാണ് എം.പിമാരില്‍ ഭൂരിപക്ഷത്തിന്‍െറയും നിലപാട്. എന്നാല്‍, ചെലവ് കുറക്കുന്നതിന്‍െറ ഭാഗമായി നിരക്ക് വര്‍ധിപ്പിച്ചേ മതിയാവൂ എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. പെട്രോള്‍ നിരക്കിലും വന്‍ വര്‍ധനക്കുള്ള നിര്‍ദേശം സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും സമിതി അംഗീകരിച്ചിരുന്നില്ല. പാര്‍ലമെന്‍റില്‍ വന്‍ എതിര്‍പ്പ് വന്നതിനെ തുടര്‍ന്നാണ് വിവിധ നിരക്ക് വര്‍ധനകള്‍ അടക്കമുള്ള സാമ്പത്തിക അച്ചടക്ക നടപടികള്‍ ചര്‍ച്ചചെയ്ത് സമവായത്തിലത്തെുന്നതിനുവേണ്ടി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന്‍െറ നേതൃത്വത്തില്‍ സാമ്പത്തിക സമിതിയുടെ പ്രത്യേക യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചത്. 
ഇത് അഞ്ചാം തവണയാണ് സമിതി യോഗം ചേരുന്നത്. മുന്‍യോഗങ്ങളില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹും ധന, എണ്ണമന്ത്രി അനസ് അസ്സാലിഹുമടക്കമുള്ളവര്‍ സംബന്ധിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.