കുവൈത്ത് സിറ്റി: ആഭ്യന്തരവും വൈദേശികവുമായ എല്ലാ ഭീഷണികളും അതിജയിച്ച് മുന്നേറുന്നതിന് ദേശീയ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് പറഞ്ഞു. വിശുദ്ധ റമദാന്‍െറ അവസാന പത്ത് പ്രമാണിച്ച് തിങ്കളാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്ത് ടെലിവിഷനിലൂടെ നടത്തിയ പ്രഭാഷണത്തില്‍ രാജ്യനിവാസികള്‍ക്ക് റമദാന്‍ അവസാന പത്തിലെ എല്ലാ അനുഗ്രഹങ്ങളും ആശംസിച്ചുകൊണ്ടാണ് അമീര്‍ സംസാരം ആരംഭിച്ചത്. കുവൈത്തുള്‍പ്പെടെയുള്ള മേഖല പലതരം വെല്ലുവിളികളുടേതായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന സത്യം എല്ലാവരും അംഗീകരിക്കണം. ഭീകരവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങളും ചിന്താഗതികളും ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങളെയും സാമ്പത്തിക വെല്ലുവിളികളെയും നമുക്ക് ഒരുമിച്ച് നേരിടേണ്ടതുണ്ട്. ഏതുതരം ഭീഷണികളായാലും വിഭാഗീയതകള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ അതിനെ മറികടക്കാന്‍ നമുക്ക് സാധിക്കുമെന്നത് അനുഭവയാഥാര്‍ഥ്യമാണ്.
അതിനാല്‍ ഐക്യത്തിലൂടെയും അഖണ്ഡതയിലൂടെയും രാജ്യത്ത് സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ എല്ലാവരും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അമീര്‍ ആവശ്യപ്പെട്ടു. അതേസമയം, നാം ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന പരസ്പര ബന്ധത്തിനും സൗഹാര്‍ദത്തിനും വിള്ളലുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളുടെ ഉപയോഗം പരിധിവിടാതിരിക്കാന്‍ നാം ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് അമീര്‍ ഓര്‍മപ്പെടുത്തി. മഹിതമായ നമ്മുടെ ആദര്‍ശത്തിനും രാജ്യത്തിന്‍െറ പാരമ്പര്യത്തിനും വിരുദ്ധമായി ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വിഭാഗീയതകളും സൃഷ്ടിക്കാന്‍ ഇത്തരം മാധ്യമങ്ങളിലൂടെ സാധിക്കുന്നുണ്ടെന്ന് നാം ഇതിനകം മനസ്സിലാക്കിയതാണ്. യുവാക്കളെ തെറ്റായ ചിന്താഗതികളിലേക്ക് നയിക്കാനും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതകളുണ്ടാക്കാനും ഇത്തരം മാധ്യമങ്ങളിലൂടെ എളുപ്പത്തില്‍ സാധിക്കും.
പ്രയോജനവും ഗുണവും മനസ്സിലാക്കിയാവണം സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് അമീര്‍ പറഞ്ഞു. നാളെയുടെ ഭാവി വാഗ്ദാനങ്ങളായ യുവാക്കളെ നല്ലരീതിയില്‍ നയിക്കേണ്ടതിന്‍െറ പ്രാധാന്യം അമീര്‍ എടുത്തുപറഞ്ഞു. അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് രാജ്യത്തിന്‍െറ ക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ തയാറാക്കും.
കഴിഞ്ഞവര്‍ഷം റമദാനില്‍ ഇമാം സാദിഖ് മസ്ജിദിലുണ്ടായ ചാവേര്‍ സ്ഫോടനത്തെയും അതില്‍ മരണപ്പെട്ടവരെയും അനുസ്മരിച്ചുകൊണ്ടാണ് അമീര്‍ തന്‍െറ പ്രഭാഷണം അവസാനിപ്പിച്ചത്. രാജ്യത്തിന്‍െറ ഐക്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തില്‍ നടപ്പാക്കിയ പദ്ധതിയായിട്ടുകൂടി എല്ലാവരും ഒറ്റക്കെട്ടായതിനെ തുടര്‍ന്ന് ഭീകരവാദികള്‍ക്ക് തങ്ങളുടെ ലക്ഷ്യം നേടാനായില്ളെന്ന് അമീര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.