മരുന്നുവില : ജി.സി.സിതല ഏകീകരണത്തിന്‍െറ മൂന്നാംഘട്ടം ഉടന്‍

കുവൈത്ത് സിറ്റി: ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ വിവിധതരം മരുന്നുകളുടെ കാര്യത്തില്‍ ജി.സി.സിതലത്തില്‍ ഏകീകൃത വില ഏര്‍പ്പെടുത്തുന്നതിന്‍െറ മൂന്നാംഘട്ടം ഉടന്‍ നടപ്പാവുമെന്ന് സൂചന.
 ആദ്യ രണ്ടുഘട്ടങ്ങള്‍ വിജയകരമായി നടപ്പാക്കാനായതിന്‍െറ തുടര്‍ച്ചയായി മൂന്നാംഘട്ടം ഉടന്‍ നടപ്പാവുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മെഡിസിന്‍സ് ആന്‍ഡ് മെഡിക്കല്‍ എക്യൂപ്മെന്‍റ് അസിസ്റ്റന്‍റ അണ്ടര്‍ സെക്രട്ടറി ഡോ. ഉമര്‍ അല്‍സയ്യിദ് അറിയിച്ചു. ആദ്യഘട്ടത്തില്‍ 1200ഉം രണ്ടാംഘട്ടത്തില്‍ 900 മരുന്നുകളുടെയും വിലയാണ് ഏകീകരിച്ചത്. മൂന്നാംഘട്ടത്തില്‍ 1000 മരുന്നുകളുടെ വില ഏകീകരണമാണ് ലക്ഷ്യമെന്നും ഉമര്‍ അല്‍സയ്യിദ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ജി.സി.സി ആരോഗ്യമന്ത്രിമാരുടെ സമിതി അന്തിമ കൂടിയാലോചനകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം 2014 അവസാനമാണ് മരുന്നുവിലയുടെ കാര്യത്തില്‍ ജി.സി.സി തല ഏകീകരണത്തിന് വഴിതുറന്നത്. ജി.സി.സി രാജ്യങ്ങളില്‍ സൗദിയിലാണ് പൊതുവെ പല മരുന്നുകള്‍ക്കും നിലവില്‍ വിലക്കുറവ് അനുഭവപ്പെടുന്നത്. മരുന്നുകള്‍ക്ക് ഏറ്റവും കൂടുതല്‍ വില കൊടുക്കേണ്ടിവരുന്ന ജി.സി.സി രാജ്യം ബഹ്റൈനാണ്. ഒമാനും കുവൈത്തുമാണ് മരുന്ന് വില കൂടുതലുള്ള മറ്റു രാജ്യങ്ങള്‍. വിലയില്‍ ഏകീകരണം വന്നുതുടങ്ങിയതോടെ ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന സാഹചര്യമുണ്ടായതായാണ് അധികൃതരുടെ വിലയിരുത്തല്‍.
 മൂന്നാം ഘട്ടം കൂടി നടപ്പാവുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാവും. ഇതുകൂടാതെ, വില ഏകീകരണം വന്നതോടെ ഫാര്‍മസികള്‍ക്കും മെഡിക്കല്‍ ഏജന്‍റുമാര്‍ക്കും നേട്ടമുണ്ടായതായി ഉമര്‍ അല്‍സയ്യിദ് വ്യക്തമാക്കി. മെഡിക്കല്‍ ഏജന്‍റുമാര്‍ക്ക് 22.5 ശതമാനം മുതല്‍ 45 ശതമാനം വരെയും ഫാര്‍മസികള്‍ക്ക് 22.5 വരെയും ഇതിന്‍െറ ലാഭം ലഭിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.