കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ടെന്‍ഡര്‍ നിയമത്തില്‍ സുപ്രധാന ഭേദഗതി വരുന്നു. സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ഇനിമുതല്‍ വിദേശകമ്പനികള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഭേദഗതികള്‍ക്ക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. നിലവില്‍ കുവൈത്തിലെ പ്രാദേശിക കമ്പനികളുമായി പങ്കാളിത്ത സംവിധാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ വിദേശകമ്പനികള്‍ക്ക് അനുമതിയുള്ളത്. ഇതുകൊണ്ടുതന്നെ പല പ്രമുഖ വിദേശ കമ്പനികള്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് കുവൈത്തിലെ കമ്പനികളുമായി പങ്കാളിത്ത സംവിധാനത്തിലേര്‍പ്പെടേണ്ടിവന്നിരുന്നു.
സ്വന്തംനിലക്ക് തന്നെ വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാന്‍ കെല്‍പുള്ള കമ്പനികള്‍ക്കുവരെ ഈ രീതിയില്‍ ലാഭം വീതംവെക്കേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, പുതിയ സംവിധാനം വരുന്നത് കുവൈത്തിലെ കമ്പനികള്‍ക്ക് തിരിച്ചടിയാവും. സാമ്പത്തികമായി ഊര്‍ധ്വശ്വാസം വലിക്കുന്ന പല കമ്പനികളും അന്താരാഷ്ട്രതലത്തിലെ വന്‍കിടകമ്പനികളുടെ പങ്കാളിത്ത കമ്പനികളായി ഒപ്പംനിന്ന് വന്‍ലാഭം സ്വന്തമാക്കിയായിരുന്നു പിടിച്ചുനിന്നിരുന്നത്. ഇനി അതിനുള്ള അവസരം കുറയും. ഈയിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിന്‍െറ കരാര്‍ ലഭിച്ച തുര്‍ക്കിയിലെ നിര്‍മാണ ഭീമന്മാരായ ലിമാക് കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഒറ്റക്കുതന്നെ പല വിമാനത്താവള നിര്‍മാണ, നവീകരണ പ്രവൃത്തികളും ഏറ്റെടുത്ത് നടത്തിയിട്ടുള്ള കമ്പനിയാണെങ്കിലും കുവൈത്തില്‍ ഈ നിയമം മൂലം അവര്‍ക്ക് പങ്കാളികളെ തേടേണ്ടിവന്നു. കുവൈത്തിലെ ഖറാഫി ഇന്‍റര്‍നാഷനലുമായി ചേര്‍ന്നുള്ള ലിമാക്കിന്‍െറ കണ്‍സോര്‍ട്യത്തിനാണ് കരാര്‍ ലഭിച്ചിരുന്നത്. പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ വിദേശകമ്പനികള്‍ക്ക് നേരിട്ട് ടെന്‍ഡറില്‍ പങ്കെടുക്കാനും കരാര്‍ സ്വന്തമാക്കാനും കഴിയും. ഇത് രാജ്യത്തെ നിക്ഷേപ, വികസന പ്രവര്‍ത്തനങ്ങളില്‍ സമൂലമായ മാറ്റത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുകൂടാതെ, ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത രണ്ടാമത്തെ കമ്പനി കൂടുതല്‍ തുക ക്വോട്ട് ചെയ്ത കമ്പനിയെക്കാള്‍ സാങ്കേതികമായി യോഗ്യതയുള്ളതാണെങ്കില്‍ ആ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കാന്‍ സെന്‍ട്രല്‍ ടെന്‍ഡര്‍ കമ്മിറ്റിക്ക് അനുമതി നല്‍കാനുള്ള ഭേദഗതിയും ഇതോടൊപ്പമുണ്ട്. സെന്‍ട്രല്‍ ടെന്‍ഡര്‍ കമ്മിറ്റി ഏഴംഗങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും ഭേദഗതി നിര്‍ദേശിക്കുന്നു. ഇതില്‍ മൂന്നുപേര്‍ വീതം രണ്ടുവര്‍ഷം കൂടുമ്പോള്‍
മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.