കുവൈത്ത് സിറ്റി: വിവിധ കാരണങ്ങളാല്‍ നാടുകടത്തലിന് വിധിക്കപ്പെട്ടവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ വൈകുന്നത് കുവൈത്തിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം കൊണ്ടാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമുതല്‍ ആറുമാസം വരെ വേണ്ടിവരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംമുമ്പ് ഇവരെ ഇന്ത്യയിലേക്ക് അയക്കാന്‍ എംബസിക്കാവില്ളെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വ്യത്യസ്ത നടപടികളാണ് ഓരോ കേസിലും സ്വീകരിക്കേണ്ടത്. സാധുതയുള്ള ഇഖാമ പതിച്ച പാസ്പോര്‍ട്ട് തൊഴിലുടമയുടെ കൈവശമുണ്ടെങ്കില്‍ നാടുകടത്തലിന് വിധേയരാകുന്ന ഗാര്‍ഹികത്തൊഴിലാളിക്ക് വിമാന ടിക്കറ്റ് ലഭ്യമാക്കുന്ന മുറക്ക് യാത്ര സാധ്യമാകും. ഒളിച്ചോട്ട കേസുകളില്‍ പരാതിയുടെ തീയതിതൊട്ട് മൂന്നുമുതല്‍ ആറുമാസം വരെയും ഇഖാമ കാലാവധി കഴിഞ്ഞ കേസുകളില്‍ രണ്ടുമുതല്‍ മൂന്നുമാസം വരെയും വേണ്ടിവരും. ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനാവശ്യമായ എല്ലാ നടപടികളും എംബസി യഥാസമയം കൈക്കൊള്ളുന്നുണ്ട്. തൊഴിലുടമ, കുവൈത്ത് അധികൃതര്‍ എന്നിവരുടെ സഹകരണം കൂടി കണക്കിലെടുത്താണ് തിരിച്ചയക്കല്‍ സാധിക്കുക. പരമാവധി നേരത്തേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എംബസിയുടെ ഇടപെടലുകള്‍ വഴി സാധ്യമാകുന്നുവെങ്കിലും മൂന്നുമുതല്‍ ആറുമാസം വരെ എന്നത് സ്വാഭാവിക സമയമായി കണക്കാക്കേണ്ടതുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇഖാമ, വിസാ നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരെ സ്വദേശത്തേക്ക് നാടുകടത്തുക എന്നതാണ് കുവൈത്ത് നിയമം. പിടിയിലാകുന്നവരെ പാര്‍പ്പിക്കുന്നത് വിവിധ പൊലീസ് സ്റ്റേഷനുകളിലാണ്. എണ്ണം വര്‍ധിക്കുന്നതോടെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും.
കഴിഞ്ഞ ഫെബ്രുവരി 15ന് കുവൈത്ത് അധികൃതര്‍ നല്‍കിയ കണക്കനുസരിച്ച് 28495 ഇന്ത്യക്കാര്‍ കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നുണ്ട്. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്കായി കുവൈത്ത് അധികൃതരില്‍നിന്ന് അപേക്ഷ ലഭിച്ചാല്‍ കാലവിളംബം കൂടാതെ എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്. പൊലീസ് സ്റ്റേഷനുകള്‍, തടവുകേന്ദ്രം, നാടുകടത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ നിരന്തരം എംബസി അധികൃതര്‍ ബന്ധപ്പെടാറുമുണ്ട്. ഈ വര്‍ഷം ജൂണ്‍ 16വരെ 3127 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി. 2015ല്‍ 3922 പേര്‍ക്കും 2014ല്‍ 2789 പേര്‍ക്കും 2013ല്‍ 2635 പേര്‍ക്കുമാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.