സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് താല്‍പര്യക്കുറവ്

കുവൈത്ത് സിറ്റി: സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സദേശികളുടെ എണ്ണം മുന്‍ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. പൊതുമേഖലയെ പോലെ സ്വകാര്യ മേഖലകളിലും സ്വദേശിവത്കരണം ശക്തിപ്പെടുത്താനാവശ്യമായ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ടുപോകുമ്പോഴാണിത്. സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പ് തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മൊത്തം സ്വദേശി ഉദ്യോഗാര്‍ഥികളില്‍ 13,000 പേരാണ് ഈവര്‍ഷം ഇതുവരെയായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിതരായത്.
സ്വകാര്യമേഖകളില്‍ ജോലിചെയ്യാന്‍ താല്‍പര്യം കാണിച്ച് നിലവില്‍ 60,619 സ്വദേശി ചെറുപ്പക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്തവരായുണ്ട്. 2014ല്‍ ആണ് സ്വകാര്യമേഖലകളില്‍ ജോലിതേടി സ്വദേശി ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ കൂടുതല്‍ ലഭിച്ചത്. 74,078 പേര്‍. തൊട്ടടുത്ത വര്‍ഷം 73,576 പേരായി ചുരുങ്ങി. അതേസമയം, ഓരോ വര്‍ഷവും പുതുതായി 5000 സ്വദേശികള്‍ സ്വകാര്യമേഖലകളില്‍ ജോലി ആവശ്യപ്പെട്ട് മുന്നോട്ടുവരുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി വനിതകളാണ് സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.
സ്വകാര്യമേഖലയില്‍ അവസരം ഒത്തുവന്നിട്ടും സര്‍ക്കാര്‍ മേഖലകളില്‍ തസ്തിക കാത്തിരിക്കുന്നതാണ് പ്രവണത. ജോലിക്ക് വരാതെ വീട്ടിലിരുന്ന് ആനുകൂല്യം പറ്റുന്ന നിരവധി സ്ത്രീകള്‍ സ്വകാര്യ മേഖലകളിലെ വന്‍കിട കമ്പനികളിലുണ്ടെന്നും പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. ആനുപാതികമായി സ്വദേശികളെ വെച്ചിട്ടുണ്ട് എന്ന് കാണിച്ച് നിയമത്തില്‍നിന്ന് രക്ഷപ്പെടാന്‍ കമ്പനികള്‍ക്ക് സാധിക്കുമ്പോള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള വിവിധ ആനുകൂല്യങ്ങളാണ് മറുവിഭാഗത്തിന്‍െറ നേട്ടം.
കുട്ടികള്‍ക്കുള്ള അലവന്‍സ് ഉള്‍പ്പെടെ ഈ വര്‍ഷം ഇത്തരത്തില്‍ 18,58,27,389 മില്യന്‍ ദീനാര്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.