ഓണാഘോഷം: ഒരുക്കം തുടങ്ങി സംഘടനകള്‍

കുവൈത്ത് സിറ്റി: സമൃദ്ധിയുടെ ഉത്സവമായ ഓണം ആഘോഷിക്കാന്‍ മറുനാട്ടിലെ മലയാളി സംഘടനകള്‍ നേരത്തേ ഒരുക്കം തുടങ്ങി. ഓണമത്തൊന്‍ ഒന്നര മാസം ഉണ്ടെങ്കിലും പരിപാടികള്‍ കെങ്കേമമാക്കാന്‍ ആലോചനായോഗങ്ങളും ആഘോഷക്കമ്മിറ്റി രൂപവത്കരണവുമായി പ്രവാസി സംഘടനകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. സെപ്റ്റംബര്‍ 14 ബുധനാഴ്ചയാണ് തിരുവോണം. ഇതിന് രണ്ടുദിവസം മുമ്പാണ് ബലിപെരുന്നാള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് ആഘോഷങ്ങളും ഒരുമിച്ച് നടത്താനാണ് പല സംഘടനകളും ആലോചിക്കുന്നത്. ‘ഉള്ളതുകൊണ്ട് ഓണം’ എന്ന പ്രയോഗം പ്രവാസികള്‍ക്ക് നന്നേ ചേരും.
തുമ്പപ്പൂ വിരിച്ച് ഓണത്തപ്പനെ വരവേറ്റിരുന്നത് ഗൃഹാതുര ഓര്‍മ മാത്രമാണ് ഇവിടെ പലര്‍ക്കും. വിമാനമേറി വരുന്ന തൂശനിലയില്‍ നാടന്‍ സദ്യയുണ്ട് ഓണപ്പാട്ടും പാടി താമസസ്ഥലത്ത് ആര്‍പ്പുവിളിക്കുന്നതാണ് അധികം പേരുടെയും മുഖ്യ ആഘോഷം. പൊതുപരിപാടികള്‍ അവധിയും മറ്റു സൗകര്യങ്ങളും പരിഗണിച്ച് മറ്റൊരു ദിവസമാവും നടക്കുക. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കൂടാതെ ജില്ലാ അസോസിയേഷനുകളും കേരളത്തിലെ ചെറുപ്രദേശങ്ങളുടെ പേരിലുള്ള കൂട്ടായ്മകളും മലയാളികളുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷം കേമമാക്കാന്‍ സജീവമായി രംഗത്തുണ്ടാവും.
നന്മ മലയാളി അസോസിയേഷന്‍  ഓണാഘോഷ ഭാഗമായി ഒക്ടോബര്‍ 14ന് സാല്‍മിയ ഐ.പി.എസില്‍ കലാകായിക പരിപാടികള്‍ നടത്തും. സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം പ്രസിഡന്‍റ് ബോര്‍ഡ് മെംബര്‍ ലൂയിസിന് നല്‍കി നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മധു അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് കലഞ്ഞൂര്‍ രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ കോശി എന്നിവര്‍ സംസാരിച്ചു. ജോയന്‍റ് സെക്രട്ടറി ഗിരിജ വിജയന്‍ സ്വാഗതവും കണ്‍വീനര്‍ തുളസി നന്ദിയും പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.