2015-2016 ബജറ്റ് കമ്മി  550 കോടി ദീനാര്‍

കുവൈത്ത് സിറ്റി: കുവൈത്തിന്‍െറ സാമ്പത്തിക മേഖലക്ക് ഒന്നരപതിറ്റാണ്ടിനുശേഷം കനത്ത തിരിച്ചടി സമ്മാനിച്ച് സാമ്പത്തിക ബജറ്റ് കമ്മിയില്‍ അവസാനിച്ചു. 2015-2016 വര്‍ഷത്തെ ബജറ്റ് 550 കോടി ദീനാര്‍ കമ്മിയില്‍ അവസാനിച്ചതായി ഉപപ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് അല്‍സാലിഹാണ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്. 
1990 കോടി ദീനാര്‍ ചെലവും 1350  കോടി ദീനാര്‍ വരവുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 16 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ബജറ്റ് കമ്മിയില്‍ അവസാനിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വന്‍ കമ്മിയില്‍ അവതരിപ്പിക്കുന്ന ബജറ്റ് സാമ്പത്തിക വര്‍ഷാവസാനമാവുമ്പോഴേക്കും മിച്ച ബജറ്റായി മാറുകയായിരുന്നു പതിവ്. 
രാജ്യത്തിന്‍െറ മുഖ്യവരുമാനസ്രോതസ്സായ എണ്ണക്ക് ആഗോള വിപണിയില്‍ ലഭിക്കുന്ന വന്‍ വിലയായിരുന്നു കാരണം. രാജ്യാന്തര വിപണിയില്‍ എണ്ണക്ക് ബാരലിന് 100 ഡോളറിലധികം വിലയുള്ള സമയത്തും 60-70 ഡോളര്‍ മാത്രമാണ് ബജറ്റില്‍ കണക്കാക്കിയിരുന്നത്. ദിനേന ശരാശരി 30 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യത്ത് അതിന്‍െറ ഭൂരിഭാഗവും കയറ്റി അയക്കുന്നതിനാല്‍തന്നെ വന്‍ വരുമാനമുണ്ടാവുന്നു. ഇതുകൊണ്ടുതന്നെ ബജറ്റില്‍ കണക്കാക്കിയ കമ്മിയുടെ നിരവധി ഇരട്ടി മിച്ചത്തിലാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാറുണ്ടായിരുന്നത്. എന്നാല്‍, എണ്ണവില കുത്തനെ ഇടിഞ്ഞതോടെ ഇതിന് മാറ്റമുണ്ടായിത്തുടങ്ങുമെന്ന ആശങ്ക കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ യാഥാര്‍ഥ്യമായിരിക്കുകയാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.