സ്കൂള്‍ ഫീസ് വര്‍ധനക്ക്  തടയിട്ട് പാര്‍ലമെന്‍റ് 

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശി, വിദേശി സ്വകാര്യ സ്കൂളുകളിലെ അനിയന്ത്രിതമായ ഫീസ് വര്‍ധനക്ക് തടയിട്ട് പാര്‍ലമെന്‍റിന്‍െറ നിര്‍ദേശം. 
പാര്‍ലമെന്‍റ് സമിതി തീരുമാനമെടുക്കുന്നതുവരെ ഫീസ് വര്‍ധന പാടില്ളെന്ന ഉത്തരവ് പുറത്തിറക്കാന്‍ വിദ്യാഭ്യാസമന്ത്രി ഡോ. ബദര്‍ അല്‍ ഈസക്ക് പാര്‍ലമെന്‍റ് നിര്‍ദേശം നല്‍കി. സമിതി വിദ്യാഭ്യാസ മന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. 
രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശി, വിദേശി സ്കൂളുകള്‍ അടുത്തിടെ അനിയന്ത്രിതമായി ഫീസ് കൂട്ടിയതിനെ തുടര്‍ന്നാണ് വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചയായത്. എം.പിമാരായ ഖലീല്‍ അബ്ദുല്ല, സാലിഹ് അല്‍ ആഷൂര്‍, ഹംദാന്‍ അല്‍ ആസ്മി,  അബ്ദുല്ല അല്‍ തുജൈരി, റൗദാന്‍ അല്‍ റൗദാന്‍ തുടങ്ങിയവര്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും കര്‍ശന നിലപാട് സ്വീകരിക്കാത്ത വിദ്യാഭ്യാസമന്ത്രിയെ കുറ്റപ്പെടുത്തുകയും ചെയ്തു. എം.പി യൂസുഫ് അല്‍ സല്‍സല വിഷയത്തില്‍ മന്ത്രിക്കെതിരെ കുറ്റവിചാരണാപ്രമേയം കൊണ്ടുവരുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന്, ചര്‍ച്ചക്ക് മറുപടി പറഞ്ഞ വിദ്യാഭ്യാസമന്ത്രി ബദര്‍ അല്‍ഈസ ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്‍െറ നിലപാട് ശക്തമാണെന്ന് വ്യക്തമാക്കി. സ്വകാര്യ സ്കൂളുകള്‍ക്ക് സ്വന്തം നിലക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അധികാരമില്ല. എന്നാല്‍, ചില സ്കൂളുകള്‍ മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ ഫീസ് ഉയര്‍ത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം സ്കൂളുകള്‍ക്കെതിരെ മന്ത്രാലയം നടപടിയും സ്വീകരിക്കുന്നുണ്ട് -മന്ത്രി പറഞ്ഞു. 
വിഷയം പഠിച്ച് ഫീസ് വര്‍ധനയില്‍ സ്വീകരിക്കേണ്ട മാനദണ്ഡം നിശ്ചയിക്കാന്‍ മൂന്നുമാസം മുമ്പ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വര്‍ഷത്തില്‍ അഞ്ച് ശതമാനം ഫീസ് വര്‍ധിപ്പിക്കാമെന്നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്നും ബദര്‍ അല്‍ഈസ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത് ശിപാര്‍ശ മാത്രമാണെന്നും മന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ളെന്നും വ്യക്തമാക്കിയ മന്ത്രി പാര്‍ലമെന്‍റ് പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ സമിതിയുമായുള്ള ചര്‍ച്ചക്കുശേഷം മാത്രമേ തീരുമാനമുണ്ടാവൂ എന്നും വ്യക്തമാക്കി. 
രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് സ്വയം നിശ്ചയിക്കാനുള്ള അധികാരം നല്‍കാനാവില്ളെന്ന് ഇതുമായി ബന്ധപ്പെട്ട സ്വകാര്യ സ്കൂള്‍ അസോസിയേഷന്‍െറ ആവശ്യം തള്ളിക്കൊണ്ട് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. 
രാജ്യത്തെ സ്വദേശി, വിദേശി സ്വകാര്യ സ്കൂളുകളിലെ ഫീസ് നിരക്ക് നിശ്ചയിക്കുന്നതിനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രാലയത്തിന് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.