കുവൈത്ത് സിറ്റി: കുവൈത്തിലെ മികച്ച യുവകര്‍ഷകനായി വാര്‍ത്തകളിലിടം പിടിച്ച യൂസുഫ് ഖുറൈബാനി ജി.സി.സിതല മത്സരത്തിന്. പശ്ചിമേഷ്യയില്‍ കാര്‍ഷിക ഉല്‍പാദനരംഗത്ത് മികവ് തെളിയിച്ചവരെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി നടക്കുന്ന മത്സരത്തിന്‍െറ അവസാനറൗണ്ടിലാണ് മറ്റു നാലു പേര്‍ക്കൊപ്പം കുവൈത്തിന്‍െറ ‘കര്‍ഷകശ്രീ’യും ഇടംപിടിച്ചത്. കുവൈത്തിലെ മണ്ണിന് പരിചയമില്ലാത്ത വിവിധയിനം കാര്‍ഷികവിളകള്‍ വിജയകരമായി കൃഷിചെയ്താണ് യൂസുഫ് ഖുറൈബാനി എന്ന യുവകര്‍ഷകന്‍ സമീപകാലത്ത് ശ്രദ്ധേയനായത്. രാജ്യത്ത് ആദ്യമായി ബസുമതി അരി, വിവിധയിനം സ്ട്രോബറികള്‍, വ്യത്യസ്ത നിറത്തിലുള്ള കോളിഫ്ളവറുകള്‍, വൈവിധ്യമാര്‍ന്ന തക്കാളികള്‍ എന്നിവയൊക്കെ വഫ്റയിലെ തന്‍െറ കൃഷിയിടത്തില്‍ വിളയിച്ചാണ് ഖുറൈബാനി പുതിയ വിജയഗാഥ രചിച്ചത്.
കഴിഞ്ഞവര്‍ഷമാണ് ബസുമതി വിളയിച്ചത്. നേരത്തേ നിരവധി തവണ വിത്തിറക്കി പരീക്ഷിച്ചെങ്കിലും ഫലം പരാജയമായിരുന്നു. ബസുമതി അരിക്ക് വളരാനുള്ള പരുവത്തില്‍ രാജ്യത്തിന്‍െറ മണ്ണും മറ്റു ഘടകങ്ങളും പാകമാവാത്തതാണ് മുന്‍ശ്രമങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം. വെള്ളം എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന തരത്തിലുള്ള ചതുപ്പുനിലമാക്കി കൃഷിയിടത്തെ മാറ്റുകയായിരുന്നു അവസാനം. ഇതോടെയാണ് കുവൈത്തിന്‍െറ മണ്ണില്‍ ആദ്യമായി ബസുമതി വിളഞ്ഞത്. സ്വദേശികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായ ബസുമതി അരി വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഇദ്ദേഹം. പിന്നാലെ രാജ്യത്ത് ആദ്യമായി വെളുത്ത സ്ട്രോബറിയും വിളയിച്ചെടുത്തു യൂസുഫ്. ആകൃതിയില്‍ ചുവന്ന സ്ട്രോബറിയോട് സാമ്യമുള്ള വെളുത്ത സ്ട്രോബറിയുടെ പുറംതൊലിയില്‍ ചുവന്ന പുള്ളികളുണ്ട്. ലോകത്ത് അപൂര്‍വമായി മാത്രമുള്ള വെളുത്ത സ്ട്രോബറി തണുപ്പ് കൂടുതലുള്ള യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് പൊതുവെ കൃഷി ചെയ്യുന്ത്. ചുവന്ന സ്ട്രോബറിയെപ്പോലെതന്നെയാണ് വെളുത്ത സ്ട്രോബറിയുടെ കൃഷിരീതിയെന്നും ചിട്ടയോടെ കൃഷിചെയ്താല്‍ കുവൈത്തില്‍ ഇത് വിജയിപ്പിക്കാനാവുമെന്നും ഖുറൈബാനി പറയുന്നു.
തണുത്ത അന്തരീക്ഷമാണ് ഇതിന് വേണ്ടതെന്ന് തിരിച്ചറിഞ്ഞ് ചൂടുകാലത്ത് തണുപ്പ് നല്‍കാനുള്ള സംവിധാനം തന്‍െറ കൃഷിയിടത്തില്‍ ഒരുക്കിയാണ് യൂസുഫ് വെളുത്ത സ്ട്രോബറി വിജയകരമായി കൊയ്തത്. ഇവ കൂടാതെ സാധാരണയിനം പച്ചക്കറികളും ഖുറൈബാനിയുടെ കൃഷിയിടത്തില്‍ ധാരാളമുണ്ട്. പല നിറത്തിലും വലുപ്പത്തിലുമുള്ള തക്കാളികളും കോളിഫ്ളവറുകളുമെല്ലാം ഏറെ. കറുത്ത തക്കാളിയും വയലറ്റ്, മഞ്ഞ നിറങ്ങളിലുള്ള കോളിഫ്ളവറുകളുമാണ് ഇവയില്‍ ശ്രദ്ധാകേന്ദ്രം. ബസുമതി അരിയിലൂടെ രാജ്യത്ത് ഏറ്റവും ആവശ്യമുള്ള ഒരു ഭക്ഷ്യവസ്തു സ്വന്തമായി ഉല്‍പാദിപ്പിച്ച് സ്വയംപര്യാപ്തത നേടാനുള്ള ശ്രമം എന്നതിലും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുക എന്നതിലും ഉപരി, പരിശ്രമിച്ചാല്‍ കുവൈത്തിന്‍െറ മണ്ണ് എല്ലാതരം കൃഷിക്കും പാകപ്പെടുമെന്ന സന്ദേശം നല്‍കുകയാണ് ഈ കര്‍ഷകസ്നേഹി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.