ഐക്യത്തോടെ വെല്ലുവിളികളെ  നേരിടും –പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെ മേഖലയെ ആശങ്കയിലാക്കുന്ന സുരക്ഷാ സാഹചര്യങ്ങളെയും എണ്ണയുടെ വിലക്കുറവ് കാരണം രൂപപ്പെട്ട പുതിയ സാമ്പത്തിക പ്രതിസന്ധികളെയും ദേശീയ ഐക്യം കാത്തുസൂക്ഷിച്ച് നേരിടുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹ് പറഞ്ഞു. രാജ്യത്തിന്‍െറ വിമോചന ദിനാഘോഷത്തിന്‍െറ ഭാഗമായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തുള്‍പ്പെടെയുള്ള മേഖല മാറ്റത്തിന്‍െറയും പുതിയ സംഭവവികാസങ്ങളുടെയും തിരമാലകള്‍ക്കിടയിലൂടെയാണ് മുന്നോട്ടുപോകുന്നത്.  ഏറെ ജാഗ്രതയിലായിരിക്കേണ്ട ഈ സന്ദര്‍ഭത്തില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം നല്‍കാതെ ദേശീയ ഐക്യം കാത്തുസൂക്ഷിക്കാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. അഭിപ്രായത്തിലും കാഴ്ചപ്പാടിലും നമുക്കിടയില്‍ ഭിന്നിപ്പുണ്ടായേക്കാം. പക്ഷേ, അതൊന്നും കുവൈത്തെന്ന കപ്പലില്‍ കയറി പ്രതിസന്ധികളുടെ തിരമാലകളെ മുറിച്ച് കടക്കുന്നതിന് നമുക്ക് തടസ്സമായിക്കൂടെന്ന് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. 
സാമ്പത്തിക മേഖലയില്‍ നാം അനുഭവിക്കുന്ന പുത്തന്‍ വെല്ലുവിളികളില്‍നിന്നും ആശങ്കജനകമായ സുരക്ഷാപ്രശ്നങ്ങളില്‍നിന്നും രക്ഷപ്പെട്ട് സമാധാനത്തിന്‍െറ തീരത്തണയാന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ ധീരമായ നേതൃത്വം നമുക്കുണ്ട്. ഇറാനുള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളുമായും അടുപ്പവും നല്ല സുഹൃദ്ബന്ധവും കാത്തുസൂക്ഷിക്കുകയെന്നതാണ് നമ്മുടെ നിലപാട്. ചില സംഭവവുമായി ബന്ധപ്പെട്ട് ഇറാനുമായി പ്രശ്നങ്ങളുണ്ടായെങ്കിലും അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ -ശൈഖ് ജാബിര്‍ പറഞ്ഞു. ജി.സി.സി രാജ്യങ്ങള്‍ തമ്മിലെ പരസ്പരബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സമയത്ത് ആ നിലക്കുള്ള നീക്കങ്ങള്‍ക്ക് രാജ്യം മുന്‍കൈയെടുക്കും. യമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ അസ്ഥിരമായ സാഹചര്യവും ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ ഭീകരവാദികളുടെ ഭീഷണികളും നേരിടുന്നതില്‍ ജി.സി.സി എടുക്കുന്ന കൂട്ടായ തീരുമാനങ്ങള്‍ക്കൊപ്പമാണ് കുവൈത്ത് നിലകൊള്ളുക. 
ഇറാന്‍ ആണവവിഷയമുള്‍പ്പെടെ മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ രമ്യമായി പരിഹാരം കണ്ടത്തെുകയാണ് വേണ്ടത്. എന്തിന്‍െറ പേരിലായും മേഖലയില്‍ വീണ്ടുമൊരു യുദ്ധവും അസ്ഥിരതയും രൂപപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.