നാലു വര്‍ഷത്തിനുശേഷം കുവൈത്ത് ടവര്‍ വീണ്ടും മിഴിതുറക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ അഭിമാനസ്തംഭമായി ശര്‍ഖ് കടല്‍തീരത്ത് തലയുയര്‍ത്തിനില്‍ക്കുന്ന കുവൈത്ത് ടവര്‍ ദീര്‍ഘകാലത്തിനുശേഷം തുറക്കുന്നു. ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് ടവര്‍ തുറക്കുന്നതെന്ന് ടവറിന്‍െറ നടത്തിപ്പ് ചുമതലയുള്ള ടൂറിസ്റ്റിക് എന്‍റര്‍പ്രൈസസ് കമ്പനി ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ഇന്‍സി അറിയിച്ചു. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം അടുത്തമാസം എട്ടിനാണ് കുവൈത്ത് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുക. 
ദേശീയദിനാഘോഷത്തിന് മുന്നോടിയായി ഇന്നലെയായിരുന്നു തുറക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും 55ാം ദേശീയദിനത്തിന്‍െറയും 25ാം വിമോചനദിനത്തിന്‍െറയും പശ്ചാത്തലത്തില്‍ അടുത്തമാസം അഞ്ചിന് വന്‍ വെടിക്കെട്ട് നടക്കുന്നതിനാല്‍ അതിനുശേഷം തുറന്നാല്‍ മതിയെന്ന അമീരി ദിവാന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് എട്ടിലേക്ക് നീട്ടിയത്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കുവൈത്ത് ടവറില്‍ ജല-വൈദ്യുതി കാര്യങ്ങളുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവൃത്തികള്‍ക്കുവേണ്ടിയാണ് 2012 ഏപ്രീല്‍ 12ന് അടച്ചത്. 
അന്നത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരം 1971ല്‍ നിര്‍മാണം തുടങ്ങിയ മൂന്നു ടവറുകള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചത് 1979 മാര്‍ച്ച് ഒന്നിനാണ്. ഇറാഖ് അധിനിവേശത്തില്‍ കേടുപാടുകള്‍ സംഭവിച്ചെങ്കിലും 1992 ഡിസംബര്‍ 26ന് വീണ്ടും തുറന്നു. കുവൈത്തിന്‍െറ തീരത്ത് 187 മീറ്റര്‍ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുവൈത്ത് ടവറുകള്‍ (അബ്റാജ് അല്‍കുവൈത്ത്) രാജ്യത്തിന്‍െറ പരിച്ഛേദമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 
മൂന്നു ഗോപുരങ്ങളായാണ് കുവൈത്ത് ടവറിന്‍െറ നില്‍പ്. രണ്ടു പ്രധാന ഗോളങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖ്യഗോപുരമാണ് 187 മീറ്ററുമായി ഏറ്റവും ഉയരത്തില്‍. ഒരു മില്യന്‍ ഗാലന്‍ വെള്ളം സൂക്ഷിക്കാവുന്ന ഇതിലെ താഴെയുള്ള വലിയ ഗോളം 82 മീറ്റര്‍ ഉയരത്തിലാണ്. ഇവിടത്തെ ‘ഹൊറൈസണ്‍’ റസ്റ്റാറന്‍റില്‍ ദിനേന പുതുവിഭവങ്ങളുമായി ഉച്ച, രാത്രി ഭക്ഷണ സംവിധാനവുമുണ്ട്. ലോക നേതാക്കള്‍ക്ക് സന്ദര്‍ശനം നടത്തുമ്പോള്‍ ഇവിടെയിരുന്ന് പ്രകൃതിദര്‍ശനത്തോടൊപ്പം ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമൊരുക്കാറുണ്ട്. 
മുഖ്യഗോപുരത്തിലെ മുകള്‍ഭാഗത്തെ ചെറിയ ഗോപുരത്തിലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശാനുമതിയുള്ളത്. സന്ദര്‍ശകരെയും വഹിച്ച് അരമണിക്കൂറിലൊരിക്കല്‍ 123 മീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന ഈ പ്രദര്‍ശനഗോളത്തില്‍ ടെലിസ്കോപ്, ‘ലേ കഫേ’ എന്ന ലഘുഭക്ഷണശാല എന്നിവയുണ്ട്്. 
147 മീറ്റര്‍ ഉയരത്തിലുള്ള രണ്ടാമത്തെ ഏകഗോള ഗോപുരത്തിലും ഒരു മില്യന്‍ ലിറ്റര്‍ വെള്ളം സൂക്ഷിക്കാനുള്ള സംവിധാനമുണ്ട്. ഇതിനടുത്ത് ഗോളമില്ലാത്ത സ്തൂപമായി നിലകൊള്ളുന്ന മൂന്നാം ഗോപുരത്തിന്‍െറ ദൗത്യം പ്രഭ ചൊരിയുകയാണ്. ശര്‍ഖ് മേഖലയിലെ വൈദ്യുതി നിയന്ത്രണകേന്ദ്രംകൂടിയാണ് ഈ കുഞ്ഞുഗോപുരം. രാജ്യത്തിന്‍െറ പ്രതീകമായി നിലകൊള്ളുന്ന കുവൈത്ത് ടവര്‍ വിശേഷാവസരങ്ങളിലെല്ലാം വിവിധ നിറങ്ങളണിഞ്ഞും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും ശ്രദ്ധയാകര്‍ഷിച്ച് നില്‍ക്കാറുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.