തൊഴില്‍ വിപണിയിലെ ക്രമീകരണം: ജംഇയ്യകളിലെ വിദേശ തൊഴിലാളികളുടെ വിസ മാറ്റം നിര്‍ത്തിവെക്കാന്‍ ആലോചന

കുവൈത്ത് സിറ്റി: സര്‍ക്കാറിന്‍െറ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കോഓപറേറ്റീവ് സൊസൈറ്റികളില്‍ (ജംഇയ്യ) ജോലിചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് മറ്റു സ്വകാര്യമേഖകളിലേക്ക് വിസ മാറ്റാനുണ്ടായിരുന്ന അനുവാദം നിര്‍ത്തിവെക്കാന്‍ ആലോചന. തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തേ, പല മേഖലകളിലും ഏര്‍പ്പെടുത്തിയതുപോലെ തൊഴില്‍ വിപണിയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന വ്യാപകമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇതെന്ന് അവര്‍ പറഞ്ഞു. 
ജംഇയ്യകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസ മാറാനുള്ള അനുവാദം മറ്റു ജംഇയ്യകളിലേക്ക് മാത്രമായി പരിമിതപ്പെടുത്താനും സ്വകാര്യ, ഗാര്‍ഹിക മേഖലകളിലേക്ക് ഇഖാമ മാറ്റാന്‍ ഇപ്പോഴുള്ള അനുവാദം പാടേ നിര്‍ത്താനുമാണ് നീക്കം. സര്‍ക്കാര്‍ പദ്ധതികള്‍ക്കുവേണ്ടി കരാറിലേര്‍പ്പെട്ട സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍ക്ക്  സ്വകാര്യ മേഖലകളിലേക്ക് വിസ മാറ്റാനുണ്ടായിരുന്ന അനുവാദം നിര്‍ത്തിവെച്ചിട്ട് രണ്ടു വര്‍ഷത്തിലധികമായി. അതിനുശേഷം കാര്‍ഷിക, ആടുമേക്കല്‍, മത്സ്യബന്ധന, വ്യവസായിക മേഖലകളിലും ഇതേ തീരുമാനം നടപ്പാക്കുകയുണ്ടായി. മേല്‍പറഞ്ഞ മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് സ്വകാര്യമേഖലകളിലെ മറ്റു സംരംഭങ്ങളിലേക്ക് വിസ മാറ്റാന്‍ നിലവില്‍ അനുവാദമില്ല. ഈ മേഖലകളില്‍ വിസമാറ്റത്തിനുള്ള അനുമതി നിര്‍ത്തിവെച്ചതിന്‍െറ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിനാലാണ് വിദേശ തൊഴിലാളികള്‍ ഏറെ ജോലിചെയ്യുന്ന കോഓപറേറ്റിവ് സൊസൈറ്റികളില്‍ ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ തന്നെ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.