സ്വകാര്യ മേഖലയിലേക്കുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ നീക്കം

കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ വീണ്ടും ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ആലോചന. രാജ്യത്തെ സ്വകാര്യ മേഖലയിലേക്ക് ആവശ്യമായ വിദേശ തൊഴിലാളികളെ കൊണ്ടുവരാന്‍ അനുവാദം നല്‍കുന്ന ഉത്തരവ് നടപ്പാക്കാനിരിക്കെയാണ് തൊഴിലാളികളുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അഞ്ചു വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന സ്വകാര്യ തൊഴില്‍ മേഖലകളിലേക്കുള്ള വിദേശ തൊഴിലാളി റിക്രൂട്ട്മെന്‍റ് പുന$സ്ഥാപിച്ചുകൊണ്ടുള്ള മന്ത്രിസഭാ ഉത്തരവ് ഇറങ്ങിയിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലന്വേഷകര്‍ വ്യാപകമായ തോതില്‍ കുവൈത്തില്‍ ഇനിയും എത്തിയിട്ടില്ല. 
ഓരോ പദ്ധതികളിലേക്കും ആവശ്യമായ തൊഴിലാളികളില്‍ 25 ശതമാനം പേരെ വിദേശ രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരാന്‍ അനുവാദം നല്‍കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പിറങ്ങിയ ഉത്തരവ്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്‍െറ വിലക്കുറവ് കാരണം രാജ്യം അഭിമുഖീകരിക്കുന്ന പ്രത്യേക സാമ്പത്തികാവസ്ഥയും അതോടൊപ്പം, സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയും കണക്കിലെടുത്ത് ഇതില്‍ മാറ്റംവരുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. പദ്ധതികള്‍ക്ക് ആവശ്യമായതിന്‍െറ 25 ശതമാനം തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുകയെന്നത് 20 ശതമാനമാക്കി കുറക്കാനാണ് തീരുമാനം. 
തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ അതോറിറ്റി ഉന്നതവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം, മറ്റു ചില മാറ്റങ്ങള്‍ കൂടി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എല്ലാ സ്വകാര്യ മേഖലകള്‍ക്കും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അനുവാദം മുന്‍ ഉത്തരവില്‍ ഉണ്ടായിരുന്നു. ഇതില്‍ മാറ്റം വരുത്തി രാജ്യത്തിന്‍െറ പൊതുതാല്‍പര്യത്തിന് ഏറ്റവും ആവശ്യമായ സ്വകാര്യ മേഖലകള്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ഇറങ്ങിയതും ഇപ്പോഴും പ്രാബല്യത്തില്‍ വന്നിട്ടില്ലാത്തതുമായ ഉത്തരവില്‍ ഈ ഭേദഗതികള്‍ വരുത്താന്‍ പഠനം നടക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹിന് കൈമാറുകയുമാണ് ചെയ്യുക. 
പുതിയ സാഹചര്യത്തിന് ആവശ്യമായ നിലയില്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തുന്നതിന്‍െറ ഭാഗമായാണ് ഇതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കാന്‍ തത്ത്വത്തില്‍ തീരുമാനമെടുത്തപ്പോള്‍തന്നെ ഇതേകുറിച്ച് വിശദമായ പഠനം നടത്താന്‍ മാന്‍പവര്‍ അതോറിറ്റി പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. മന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഈ സമിതി നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ പ്രായം 21 വയസ്സില്‍ കുറയാന്‍ പാടില്ളെന്നതായിരുന്നു അതില്‍ പ്രധാനം. സര്‍ക്കാറുമായി ഉടമ്പടിയുള്ള കമ്പനികളിലല്ലാതെ ജോലിചെയ്യുന്ന സെക്യൂരിറ്റി ജോലിക്കാര്‍ക്കും ക്ളീനിങ് തൊഴിലാളികള്‍ക്കും പുതുതായത്തെുന്ന തൊഴിലാളികള്‍ക്കും സാമ്പത്തിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം, പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും തൊഴിലാളികളുടെ വിസാസംബന്ധമായ കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കാനുള്ള സൗകര്യം ഒരുക്കണം, സ്ത്രീകളുടെ പ്രകൃതത്തിനും മറ്റും യോജിച്ചുപോകുന്ന തൊഴിലുകളിലേക്ക് മാത്രമേ അവരെ റിക്രൂട്ട് ചെയ്യാവൂ, അതും അവരുടെ പ്രായവും ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയും മറ്റും പരിഗണിച്ചുകൊണ്ട് മാത്രമാവണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുമ്പോള്‍ ഇവയെല്ലാം നടപ്പാവുമെന്നാണ് സൂചന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.