സമൂല സാമ്പത്തിക പരിഷ്കരണത്തിനൊരുങ്ങി കുവൈത്ത്L നിര്‍ണായക പാര്‍ലമെന്‍റ് സമ്മേളനം ഇന്നുമുതല്‍

കുവൈത്ത് സിറ്റി: രാജ്യാന്തരവിപണിയിലെ എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമീപഭാവിയില്‍ നേരിടേണ്ടിവരുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ സമൂല പരിഷ്കരണങ്ങള്‍ക്കൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍. എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ തുറക്കുന്നതിന്‍െറ വേഗം വര്‍ധിപ്പിക്കുന്നതിനൊപ്പം പൊതുചെലവുകള്‍ വെട്ടിക്കുറച്ചും അവശ്യസേവനങ്ങളുടെ സബ്സിഡി നിയന്ത്രിച്ചും സാമ്പത്തിക അച്ചടക്കം കൈവരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്‍െറ ഭാഗമായി സര്‍ക്കാറിന്‍െറയും പാര്‍ലമെന്‍റിന്‍െറയും സംയുക്തയോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ച നടത്തി. സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന്‍െറ നേതൃത്വത്തില്‍ 26 എം.പിമാരും സര്‍ക്കാറിന്‍െറ കീഴിലുള്ള ഉന്നത ആസൂത്രണ കൗണ്‍സില്‍ അംഗങ്ങളുമാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്. വരുന്ന സാമ്പത്തികവര്‍ഷത്തേക്കുള്ള കരടുബജറ്റിലെ 1150 കോടി ദീനാര്‍ കമ്മി നികത്തുന്നത് സംബന്ധിച്ചാണ് കാര്യമായ ചര്‍ച്ച നടന്നതെന്ന് മന്ത്രിസഭാകാര്യ മന്ത്രി അലി അല്‍ഉമൈര്‍ വ്യക്തമാക്കി. സാമ്പത്തിക പരിഷ്കരണത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ ഉപ പ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് സാലിഹ് വിശദീകരിച്ചു. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ബജറ്റും മറ്റു ചെലവുകളും കുറക്കുന്നതിനെക്കുറിച്ചും അവശ്യസേവനങ്ങളായ ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയുടെ സബ്സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ചും മന്ത്രി സൂചിപ്പിച്ചു. എന്നാല്‍, ഇതിന്‍െറ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. 
രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവാത്ത രീതിയില്‍ ചെലവുകള്‍ കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അനസ് സാലിഹ് കൂട്ടിച്ചേര്‍ത്തു. എണ്ണവിലയുടെ തുടര്‍ച്ചയായ കൂപ്പുകുത്തലിനെ തുടര്‍ന്ന് കുവൈത്ത് ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളെല്ലാം ഇന്ധനവില വര്‍ധിപ്പിച്ചുകഴിഞ്ഞു. അതിനാല്‍തന്നെ താമസിയാതെ കുവൈത്തും ഇതിന് തുനിയുമെന്നാണ് സൂചന. ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനം ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കാനാണ് സാധ്യത. പെട്രോളിന്‍െറയും വൈദ്യുതിയുടെയും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയും പാര്‍ലമെന്‍റിന്‍െറ മുന്‍ഗണനാസമിതിയും വ്യത്യസ്ത നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രതിമാസം 12,000 കിലോവാട്ടുവരെയുള്ള വൈദ്യുതി ഉപയോഗത്തിന് കിലോവാട്ടിന് രണ്ടു ഫില്‍സ് ആണ് നിരക്ക്. ഇതുമാറ്റി 3000 കിലോവാട്ടുവരെ അഞ്ചു ഫില്‍സ്, 3000 മുതല്‍ 6000 കിലോവാട്ടുവരെ 10 ഫില്‍സ്, 6000 മുതല്‍ 10,000 കിലോവാട്ടുവരെ 15 ഫില്‍സ് എന്നിങ്ങനെയാക്കണമെന്ന് മുന്‍ഗണനാ സമിതിയും 3000 കിലോവാട്ടുവരെ രണ്ടു ഫില്‍സ്, 3000 മുതല്‍ 6000 കിലോവാട്ടുവരെ അഞ്ചു ഫില്‍സ്, 6000 മുതല്‍ 10,000 കിലോവാട്ടുവരെ 15 ഫില്‍സ് എന്നിങ്ങനെയാക്കണമെന്ന് പ്രത്യേക സമിതിയും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ 60 ഫില്‍സുള്ള സൂപ്പര്‍ പെട്രോളിന് 85 ഫില്‍സും 65 ഫില്‍സുള്ള സ്പെഷല്‍ പെട്രോളിന് 90 ഫില്‍സും 90 ഫില്‍സുള്ള അള്‍ട്രാ പെട്രോളിന് 115 ഫില്‍സും ആക്കണമെന്നാണ് പ്രത്യേക സമിതിയുടെ ശിപാര്‍ശയെങ്കില്‍ സൂപ്പര്‍ പെട്രോളിന് 85 ഫില്‍സായും സ്പെഷല്‍ പെട്രോളിന് 105 ഫില്‍സായും അള്‍ട്രാ പെട്രോളിന് 115 ഫില്‍സായും വര്‍ധിപ്പിക്കാനാണ് മുന്‍ഗണനാസമിതി നിര്‍ദേശിച്ചിരിക്കുന്നത്. ഇവയെല്ലാം പാര്‍ലമെന്‍റിന്‍െറ പരിഗണനയില്‍ വരും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.