കുവൈത്ത് സിറ്റി: രാജ്യത്ത് 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ പ്രതികളായുള്ള കുറ്റകൃത്യങ്ങള്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലധികം വര്‍ധിച്ചു.
നീതിന്യായ മന്ത്രാലയത്തിന്‍െറ ഇടക്കാല റിപ്പോര്‍ട്ടനുസരിച്ചാണിത്. 2016 ആരംഭിച്ചത് മുതല്‍ ഇതുവരെ ബാലകുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 122 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. 2015ലെ ഇതേ കാലയളവില്‍ ഈ ഇനത്തില്‍ ആകെ 617 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 1399 ബാലകുറ്റകൃത്യങ്ങളാണ് ഒൗദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
എന്നാല്‍, മൊത്തം ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ തോതില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഈ വര്‍ഷം 15 ശതമാനത്തിന്‍െറ കുറവുണ്ടായപ്പോള്‍ സിവില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പണം കൊള്ളയടിക്കലാണ് കൂടുതല്‍ രേഖപ്പെടുത്തപ്പെട്ടതെങ്കില്‍ സിവില്‍ ഇനത്തില്‍ ബാലകുറ്റകൃത്യങ്ങളാണ് കൂടുതല്‍ നടന്നത്.
രേഖപ്പെടുത്തപ്പെട്ട സിവില്‍ കുറ്റകൃത്യങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഫേസ്ബുക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളെ മറ്റുള്ളവര്‍ക്ക് മാനഹാനിയുണ്ടാവുന്ന തരത്തില്‍ ഉപയോഗപ്പെടുത്തിയ സംഭവങ്ങളാണ് സൈബര്‍ കുറ്റകൃത്യങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വണ്ടിച്ചെക്ക് കേസുകളാണ് സിവില്‍ കുറ്റകൃത്യങ്ങളില്‍ മൂന്നാം സ്ഥാനത്ത്. 836 കേസുകളാണ് ഈ ഇനത്തില്‍ ഉള്ളത്.
മയക്കുമരുന്ന് ഉപയോഗവും മാനനഷ്ടത്തിന് പത്രങ്ങള്‍ക്കെതിരെ കൊടുത്ത കേസുകളുമാണ് അടുത്ത സ്ഥാനങ്ങളില്‍. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 312 കേസുകളും പത്രങ്ങള്‍ക്കെതിരെ 123 കേസുകളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട 927 കേസുകളെടുത്തു. വധവും വധശ്രമവുമായി ബന്ധപ്പെട്ട് 360 കേസുകളുണ്ട്. അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കല്‍ (175) തട്ടിക്കൊണ്ടുപോകലും പീഡനവും (139) എന്നിങ്ങനെയാണ് മറ്റ് കേസുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.