ആഴക്കടല്‍ മത്സ്യബന്ധനം ഇനി ഉമ്മു മറാദിം വഴി മാത്രം

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങള്‍ ഉമ്മു മറാദിം ദ്വീപിലെ ചെക്പോയന്‍റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉത്തരവ്. ഉമ്മുമറാദിം വഴിയല്ലാതെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും എക്സിറ്റ്, എന്‍ട്രി പോയന്‍റില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ബോട്ടുകളിലെ മുഴുവന്‍ തൊഴിലാളികളെയും നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്ത് കോസ്റ്റ് ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ സുഹൈര്‍ അല്‍ നസ്റുല്ലയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഉമ്മു മറാദിം ദ്വീപിലെ കോസ്റ്റ് ഗാര്‍ഡ് ചെക്ക് പോയന്‍റിലൂടെയല്ലാതെ പുറംകടലില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതിയില്ല.
തൊഴിലാളികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ഓരോ വള്ളത്തിന്‍െറയും വിശദാംശങ്ങള്‍ ചെക്ക്പോയന്‍റിലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷം മാത്രമേ എക്സിറ്റ് അനുവദിക്കൂ. മത്സ്യബന്ധനത്തിന് ശേഷം തിരിച്ചുവരുമ്പോള്‍ എന്‍ട്രിയും രേഖപ്പെടുത്തണം. ഉത്തരവ് ലംഘിക്കുകയോ മറ്റു കടല്‍മാര്‍ഗം വഴി മത്സ്യബന്ധനത്തിന് പോകുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമലംഘനം നടത്തുന്ന ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ റഡാര്‍ സംവിധാനം വഴി ട്രാക്ക് ചെയ്യാന്‍ സാധിക്കും.
 വള്ളങ്ങളുടെയും ജോലിക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് പോക്കുവരവ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതെന്നും നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ 340 ബോട്ടുകള്‍ ഉമ്മു മറാദിം ചെക്പോയന്‍റ് വഴി കടന്നു പോയതായും അല്‍ നസ്റുല്ല കൂട്ടിച്ചേര്‍ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.