സുഹൈല്‍ താരകം ബുധനാഴ്ച ഉദിക്കും

കുവൈത്ത് സിറ്റി: അറേബ്യന്‍ ഉപദ്വീപിലെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വിളംബരം ചെയ്ത് ‘സുഹൈല്‍’ നക്ഷത്രത്തിന്‍െറ ഉദയം അടുത്ത ബുധനാഴ്ചയുണ്ടാകും. പ്രമുഖ ഗോളനിരീക്ഷകനും സിവില്‍ ഏവിയേഷന്‍ വകുപ്പിലെ കാലാവസ്ഥാ വിഭാഗം ഉപദേഷ്ടാവുമായ ഈസ അല്‍ റമദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അറേബ്യന്‍ ഉപദ്വീപിന്‍െറ തെക്കുഭാഗത്ത് ആഗസ്റ്റ് 24ന് പുലര്‍ച്ചെ ഈ പ്രതിഭാസം ദൃശ്യമാകുമെങ്കിലും കുവൈത്തില്‍ സെപ്റ്റംബര്‍ അഞ്ചോടെ മാത്രമേ സുഹൈല്‍ നക്ഷത്രത്തെ ദര്‍ശിക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും ആഗസ്റ്റ് 24 മുതല്‍ ഒക്ടോബര്‍ 16 വരെ 53 ദിവസങ്ങളാണ് സുഹൈലിന്‍െറ നാളുകള്‍. സുഹൈലിന്‍െറ ഉദയത്തോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിന്‍െറ കാഠിന്യം കുറയുമെന്നും ക്രമേണ കുവൈത്ത് ഉള്‍പ്പെടെയുള്ള ഉപദ്വീപിലെ രാജ്യങ്ങള്‍ തണുപ്പിലേക്ക് വഴിമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ മെച്ചപ്പെടുക, വെള്ളത്തിന് ഇതുവരെ അനുഭവപ്പെട്ട ചൂടില്‍ കുറവ് വരിക, നിഴലിന്‍െറ നീളം കൂടുക, പകലിന്‍െറ ദൈര്‍ഘ്യം കുറഞ്ഞ് രാത്രി സമയം കൂടുക തുടങ്ങിയവ സുഹൈലിന്‍െറ ഉദയത്തോടെ സംഭവിക്കുന്ന പ്രകൃതിയിലെ ചില വ്യതിയാനങ്ങളാണ്. പൗരാണികകാലം മുതല്‍ അറബികള്‍ ചന്ദ്രനെയും ചില നക്ഷത്രങ്ങളെയും അവലംബിച്ചാണ് കാലഗണന നടത്തിവന്നത്.
അതില്‍ സുപ്രധാന സ്ഥാനമാണ് സുഹൈല്‍ നക്ഷത്രത്തിനുള്ളത്. ചൂട് കൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ വരുന്ന പ്രതീക്ഷയുടെ നക്ഷത്രമായാണ് അവര്‍ ഇതിനെ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ സുഹൈലിന്‍െറ ഉദയത്തെ ആഘോഷമായി കൊണ്ടാടുന്ന രീതിയും അറബികള്‍ക്കിടയിലുണ്ട്. ഇംഗ്ളീഷില്‍ കനോപസ് എന്നും അല്‍ഫ കറീന എന്നും അറിയപ്പെടുന്ന സുഹൈല്‍ നക്ഷത്രം സൂര്യനും സിറിയസും കഴിഞ്ഞാല്‍ ഏറ്റവും പ്രകാശമുള്ള നക്ഷത്രമാണെന്നാണ് ശാസ്ത്ര നിഗമനം. ശാസ്ത്ര കുതുകികള്‍ക്ക് കൗതുകമായേക്കാവുന്ന ഈ നക്ഷത്രം സാധാരണ ഒക്ടോബര്‍ പകുതിവരെ മാനത്തുണ്ടാവും.
19ാം നൂറ്റാണ്ട് തുടങ്ങിയതില്‍ പിന്നെ കുവൈത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ഈ വര്‍ഷമാണെന്നാണ് വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍. അമേരിക്കന്‍ സ്പെയ്സ് ഏജന്‍സിയുടെയും ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറയും നിരീക്ഷണ പ്രകാരം ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ കുവൈത്തില്‍ രേഖപ്പെടുത്തിയത് 1880ന് ശേഷമുള്ള ഏറ്റവും വലിയ ചൂടാണ്. കൊടുംചൂടിന് ശമനപ്രതീക്ഷ നല്‍കിയുള്ള സുഹൈല്‍ നക്ഷത്രത്തിന്‍െറ ഈ വര്‍ഷത്തെ  ഉദയം അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ഉപഭൂഖണ്ഡം നോക്കിക്കാണുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.