സ്വദേശിവത്കരണം: പൊതുമേഖലയിലെ വിദേശതൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സര്‍ക്കാര്‍ മേഖലകളില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ  പൂര്‍ണവിവരം ശേഖരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. 
സാമൂഹിക തൊഴില്‍കാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തരം, നീതിന്യായം, ജല-വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി പൊതുമേഖലയിലെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന കുവൈത്തികളല്ലാത്ത എല്ലാവരുടെയും കൃത്യമായ എണ്ണം ശേഖരിക്കുകയാണ് ഇതില്‍ പ്രധാനം. 
ഉയര്‍ന്ന യോഗ്യതകളുടെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായി സര്‍ക്കാര്‍ സര്‍വിസുകളില്‍ നിയമനം ലഭിച്ചവരുടെയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമിതരായവരുടെയും ഉള്‍പ്പെടെ വിദേശ ജീവനക്കാരുടെ വിദശവിവരം ശേഖരിക്കുകയാണ് ഉദ്ദേശിക്കുന്നത്. 
അതോടൊപ്പം, രാജ്യത്തെ സര്‍ക്കാര്‍ സര്‍വിസുകളില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെയും 30 വര്‍ഷം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവരുടെയും വെവ്വേറെ പട്ടികയാണ് തയാറാക്കുന്നത്. 
പൊതുമേഖലയിലെ വിദേശികളെ സംബന്ധിച്ച വിവരം വൈകാതെ പ്രസിദ്ധപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. സ്വദേശി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ സര്‍വിസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള തീരുമാനം സര്‍ക്കാര്‍ തത്ത്വത്തില്‍ കൈക്കൊണ്ടതാണ്. 
സര്‍ക്കാര്‍ വകുപ്പുകളില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ വിദേശികളെയും പിരിച്ചുവിട്ട് സിവില്‍ സര്‍വിസ് കമീഷനില്‍ ജോലിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. 
നിശ്ചിത തസ്തികകള്‍ എന്ന വ്യത്യാസമില്ലാതെ സ്വദേശികള്‍ ജോലിചെയ്യാന്‍ താല്‍പര്യം കാണിക്കുന്ന പൊതുമേഖലയിലെ എല്ലാ ജോലികളില്‍നിന്നും ആവശ്യമെങ്കില്‍ വിദേശികളെ മാറ്റാനാണ് പദ്ധതി. 
ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് സര്‍ക്കാര്‍ ജോലി നഷ്ടമാവാന്‍ അത് കാരണമായേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.