പെട്രോള്‍ വില വര്‍ധന: ജീവിതച്ചെലവേറും

കുവൈത്ത് സിറ്റി: പെട്രോള്‍ വില 41 മുതല്‍ 83 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതച്ചെലവ് കുതിച്ചുയരാനിടയാക്കും. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് മൂന്നുമാസത്തിലൊരിക്കല്‍ പെട്രോള്‍ വില പുനര്‍നിര്‍ണയിക്കാനും തീരുമാനമായിട്ടുണ്ട്. പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫില്‍സ്, സൂപ്പര്‍ പെട്രോളിന് 65 ഫില്‍സ്, ലോ എമിഷന്‍ അള്‍ട്ര പെട്രോളിന് 95 ഫില്‍സ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഇത് യഥാക്രമം  85, 105, 165 ഫില്‍സ് ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്നുമാസത്തേക്കാണ് പുതിയ നിരക്ക്. 
പിന്നീട് ക്രൂഡോയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി പുനക്രമീകരിക്കും. ഇതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് കുവൈത്ത് പെട്രോള്‍ വില പരിഷ്കരിക്കുന്നത്. എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍  മുന്നോട്ടുവെച്ച സാമ്പത്തിക പരിഷ്കരണ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇന്ധന സബ്സിഡി പരിമിതപ്പെടുത്തല്‍. ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു. മറ്റു ജി.സി.സി രാജ്യങ്ങളില്‍  നേരത്തേതന്നെ സബ്സിഡി നിയന്ത്രണം നടപ്പാക്കിയിരുന്നെങ്കിലും കുവൈത്തില്‍ പാര്‍ലമെന്‍റംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം വൈകിയത്. 
പെട്രോള്‍ വില വര്‍ധന നടപ്പാകുന്നതോടെ ചരക്കുനീക്കത്തിന് ചെലവേറുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കയറ്റമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. യാത്രാനിരക്കിലും വര്‍ധനയുണ്ടായേക്കും. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണരേഖക്ക് അടുത്തിടെയാണ് അന്തിമരൂപമായത്. 
വരുമാനത്തിലെ വൈവിധ്യവത്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്കരണ നിര്‍ദേശത്തില്‍ പെട്രോള്‍, വൈദ്യുതി എന്നിവയുടെ സബ്സിഡിയില്‍ റേഷനിങ് നടപ്പാക്കുക, വികസന പദ്ധതികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക, തൊഴില്‍ വിപണിയും സിവില്‍ സര്‍വിസ് സംവിധാനവും പരിഷ്കരിക്കുക തുടങ്ങിയവയുണ്ടായിരുന്നു. 23 ഹ്രസ്വകാല പദ്ധതികള്‍, 13 ഇടക്കാല പദ്ധതികള്‍, അഞ്ച് ദീര്‍ഘകാല പദ്ധതികള്‍ എന്നിവയാണ് പരിഷ്കരണ രേഖയിലുള്ളത്. 
ഇതിന്‍െറ ഭാഗമായാണ് ഇന്ധനവില വര്‍ധന. വളരെ കുറച്ചുപേര്‍ മാത്രമുപയോഗിക്കുന്ന ‘അള്‍ട്രാ’ പെട്രോളിന്‍െറ സബ്സിഡി റദ്ദാക്കുമ്പോള്‍ ജനങ്ങളെ കാര്യമായി ബാധിക്കില്ല. 
അതേസമയം, ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ‘സൂപ്പര്‍’, ‘പ്രീമിയം’ പെട്രോളുകളുടെ വിലവര്‍ധന ജനജീവിതത്തില്‍ കാര്യമായി പ്രതിഫലിക്കും. ജല, വൈദ്യുതി നിരക്ക് വര്‍ധനക്ക് അടുത്തിടെ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.