ഹൂതി പ്രതിനിധികളുമത്തെി; യമന്‍  സമാധാന ചര്‍ച്ചക്ക് കുവൈത്തില്‍ തുടക്കം

കുവൈത്ത് സിറ്റി: സംഘര്‍ഷമേഖലയായ യമനില്‍ സമാധാനം പുന$സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചക്ക് ഒടുവില്‍ കുവൈത്തില്‍ തുടക്കം. തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്ന ചര്‍ച്ച വിമതവിഭാഗമായ ഹൂതികളുടെ പ്രതിനിധികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്നു. 
പിന്നീട് വിവിധ ഭാഗങ്ങളില്‍നിന്നുള്ള സമ്മര്‍ദഫലമായി വ്യാഴാഴ്ച വൈകീട്ടോടെയാണ് ഹൂതി പ്രതിനിധികള്‍ കുവൈത്തിലത്തെിയത്. തുടര്‍ന്ന്, വൈകീട്ട്തന്നെ ചര്‍ച്ചക്ക് തുടക്കമാവുകയും ചെയ്തു. യമനിലെ ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ ഉല്‍ദ് ശൈഖ് അഹ്മദിന്‍െറ മധ്യസ്ഥതയിലാണ് ചര്‍ച്ച. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹും ചര്‍ച്ചയില്‍ സംബന്ധിക്കുന്നുണ്ട്. യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാര്‍ പ്രതിനിധിസംഘവും മുന്‍ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്ന ഹൂതി വിഭാഗത്തിന്‍െറ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ ഒരു മേശക്കുചുറ്റുമിരിക്കുന്നത്. ചര്‍ച്ചയുടെ തുടക്കം ആശാവഹമാണെന്നും യമന്‍ നിവാസികള്‍ക്ക് സമാധാനം നല്‍കുന്ന രീതിയിലുള്ള അനുരഞ്ജനത്തിലത്തൊനാവുമെന്നാണ് പ്രതീക്ഷയെന്നും ഇസ്മാഈല്‍ ഉല്‍ദ് ശൈഖ് അഹ്മദ് അഭിപ്രായപ്പെട്ടു. മികച്ച രീതിയിലാണ് ചര്‍ച്ച മുന്നോട്ടുപോകുന്നതെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയിലുള്ള ഫലം പ്രതീക്ഷിക്കാമെന്നും ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് പറഞ്ഞു. യമന്‍ സര്‍ക്കാര്‍ പ്രതിനിധിസംഘം ഞായറാഴ്ചയോടെതന്നെ കുവൈത്തിലത്തെിയിരുന്നുവെങ്കിലും ഹൂതി സംഘം എത്താതിരുന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച നീണ്ടത്. 
ചര്‍ച്ചയുടെ മുന്നോടിയായി ഈ മാസം 10 മുതല്‍ യമനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യഥാവിധി പാലിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൂതി വിഭാഗം ചര്‍ച്ചക്ക് വരാന്‍ മടികാണിച്ചത്. കൂടാതെ, യു.എന്‍ മുന്നോട്ടുവെച്ച ചര്‍ച്ചയുടെ അജണ്ട സര്‍ക്കാര്‍ വിഭാഗത്തിന്‍െറ പക്ഷംചേരുന്ന തരത്തിലുള്ളതാണെന്നും അതില്‍ മാറ്റംവേണമെന്നും ഹൂതി വിഭാഗം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന മധ്യസ്ഥശ്രമത്തിനൊടുവിലാണ് കുവൈത്തിലേക്ക് വരാന്‍ അവര്‍ സമ്മതിച്ചത്. ബുധനാഴ്ച ഒമാന്‍ തലസ്ഥാനമായ മസ്കത്തിലത്തെിയ സംഘം വ്യാഴാഴ്ച വൈകീട്ടാണ് കുവൈത്തിലത്തെിയത്. പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. ഇതോടെ, രൂക്ഷമായ സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. 6,400 ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു.
 തലസ്ഥാനമായ സന്‍ആ അടക്കമുള്ള പ്രദേശങ്ങള്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഏദനിലും സമീപപ്രദേശങ്ങളിലും മാത്രമായി ചുരുങ്ങിയിരിക്കുകയാണ് സര്‍ക്കാറിന്‍െറ സ്വാധീനം. ഹൂതികളെ സഹായിക്കാന്‍ ഇറാനും രംഗത്തുണ്ടെന്ന ആരോപണം ശക്തമാണ്. സംഘര്‍ഷം മുതലാക്കി അല്‍ഖാഇദയും ഐ.എസും യമനില്‍ പിടിമുറുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ മേഖലയുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ സമാധാന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. 
ഡിസംബറില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ജനീവയില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.