കര്‍ശന നടപടിയെന്ന് മന്ത്രിസഭ:  എണ്ണമേഖല ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാമ്പത്തികസാഹചര്യം മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍നീക്കത്തില്‍ പ്രതിഷേധിച്ച് എണ്ണമേഖല ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. വിവിധ തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരം ഇതോടെ രണ്ടു ദിവസം പിന്നിട്ടു. എണ്ണമേഖല കമ്പനികളുടെ അഹ്മദിയിലെ ആസ്ഥാന കെട്ടിടങ്ങള്‍ക്ക് മുന്നിലാണ് തൊഴിലാളികള്‍ ഒരുമിച്ചുകൂടി പ്രതിഷേധം സംഘടിപ്പിച്ചുവരുന്നത്. 
അതിനിടെ, ജോലിക്കുവരാത്ത തൊഴിലാളികള്‍ കമ്പനിയുടെ പേരില്‍ തങ്ങളുപയോഗിക്കുന്ന വാഹനങ്ങള്‍ തിരിച്ചേല്‍പിക്കണമെന്ന് കുവൈത്ത് പെട്രോളിയം കമ്പനി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും തൊഴിലാളി യൂനിയനുകള്‍ അത് നിരസിച്ചു. അവകാശങ്ങള്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ചയാണ് പെട്രോളിയം മേഖലയില്‍ തൊഴില്‍സമരം ആരംഭിച്ചത്. അതേസമയം, പെട്രോളിയം മേഖലയിലെ ജോലിക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുകയും അതുവഴി രാജ്യത്തിന്‍െറ പൊതുമുതലില്‍ നഷ്ടംവരുത്താനും കാരണക്കാരായ തൊഴിലാളിയൂനിയന്‍ നേതാക്കളെ സര്‍ക്കാര്‍ പ്രോസിക്യൂഷന് കൈമാറുമെന്ന് സാമൂഹിക, തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍ സബീര്‍ പറഞ്ഞു. അതിനിടെ, സമരത്തിനെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന 
യോഗത്തില്‍ എണ്ണമന്ത്രി അനസ് അസ്സാലിഹ് സമരം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. രാജ്യത്തെ എണ്ണയുല്‍പാദനത്തെയൊ അനുബന്ധ പ്രവര്‍ത്തനങ്ങളെയൊ സമരം ബാധിച്ചിട്ടില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.