സമരം മതവിരുദ്ധമെന്ന ഫത്വക്കെതിരെ സമ്മിശ്ര പ്രതികരണം

കുവൈത്ത് സിറ്റി: തങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തിനെതിരെ പെട്രോളിയം മേഖലയിലെ തൊഴിലാളികള്‍ സംഘടിപ്പിക്കുന്ന പണിമുടക്ക് മതവിരുദ്ധമാണെന്ന ഒരുവിഭാഗം പണ്ഡിതരുടെ ഫത്വ വിവാദമാകുന്നു. ഫത്വയെ എതിര്‍ത്തും അനുകൂലിച്ചും ട്വിറ്റര്‍, ഫേസ്ബുക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവാദം കൊഴുക്കുന്നത്. 
ട്വിറ്ററിലെ തന്‍െറ അക്കൗണ്ടിലൂടെ പ്രമുഖ പണ്ഡിതന്‍ അജീല്‍ അന്നംശിയാണ് പെട്രോളിയം മേഖലയില്‍ ജോലിക്കുപോകാതെ സമരം സംഘടിപ്പിക്കുന്നത് മതപരമായി കുറ്റകരമാണെന്ന അഭിപ്രായം പോസ്റ്റ് ചെയ്തത്. ജനങ്ങള്‍ക്ക് അവകാശപ്പെട്ട നന്മകള്‍ വ്യാപകമായി തടയപ്പെടുന്ന സാഹചര്യം  ഉണ്ടായിത്തീരുന്നുവെന്ന കാരണമാണ് അദ്ദേഹം തെളിവായി പറയുന്നത്. പെട്രോളിന്‍െറ വിലക്കുറവുണ്ടാക്കിയ പ്രത്യേക സാഹചര്യത്തില്‍ സമരംകൂടി നടക്കുന്നത് ആ മേഖലയില്‍ കൂടുതല്‍ നാശങ്ങള്‍ വരുത്താന്‍ ഇടയാക്കുമെന്നും ശൈഖ്  അജീല്‍ അന്നംശി വിശദീകരിച്ചു. അതേസമയം, ഫത്വയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകള്‍ വന്നു. താങ്കളുടെ അഭിപ്രായം സത്യസന്ധമാണെന്ന് പോസ്റ്റ് ചെയ്ത ഒരാള്‍ പൊതുമുതല്‍ കൊള്ളയടിക്കല്‍, രാജ്യത്ത് നാശംപരത്തല്‍, നാശകാരികളെ സംരക്ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളിലും സമാനമായ ഫത്വകള്‍ ഉണ്ടാകുമോയെന്ന അടിക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നു. എന്നാല്‍, പ്രത്യേക ഭരണഘടനയും വ്യവസ്ഥയും നിലനില്‍ക്കുന്ന രാജ്യമാണ് കുവൈത്തെന്നും ഏതു വിഷയവുമായി ബന്ധപ്പെട്ടും സമരം ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നുമാണ് സമരത്തെ അനുകൂലിക്കുന്ന ഒരാള്‍ പോസ്റ്റ് ചെയ്തത്. ഇത്തരം ഫത്വകളിലൂടെ തങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പെട്രോളിയം യൂനിയനുകളുടെ അഭിപ്രായം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.