കുവൈത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ യമനില്‍ സമാധാനത്തിന് വഴിയൊരുക്കുമെന്ന് യു.എന്‍ പ്രതിനിധി

കുവൈത്ത് സിറ്റി: യമന്‍ പ്രശ്നത്തില്‍ ഈമാസം 18ന് കുവൈത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ രാജ്യത്ത് ശാശ്വത സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് വഴിയൊരുക്കുമെന്ന് യമന്‍ വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക യു.എന്‍. പ്രതിനിധി ഇസ്മായില്‍ വലദ് അശൈഖ് അഹ്മദ് പറഞ്ഞു. കുവൈത്ത് ന്യൂസ് ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ധാരണ വെച്ചുപുലര്‍ത്താതെ യമനില്‍ സമാധാനം സ്ഥാപിക്കണമെന്ന ഒറ്റ ഉദ്ദേശ്യത്തില്‍ കുവൈത്തിലെ നിര്‍ദിഷ്ട സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന്  ബന്ധപ്പെട്ട കക്ഷികളെ വലദ് അശൈഖ് ഉണര്‍ത്തി. സമാധാനപരമായ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ യമനിലെ സംഘര്‍ഷത്തിന് അറുതിവരുത്തുകയെന്നതാണ് യു.എന്‍. ലക്ഷ്യം. അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ തയാറായ കുവൈത്തിന്‍െറ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. 
സിറിയന്‍ വിഷയത്തിലെ മൂന്ന് ഉച്ചകോടികള്‍ക്ക് ആതിഥ്യമരുളിയ കുവൈത്തിന് ഈ വിഷയത്തിലും വിജയിക്കാന്‍ സാധിക്കുമെന്നും യോഗത്തിന്‍െറ പ്രാരംഭ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഉടന്‍ തന്നെ യു.എന്‍ സഘം കുവൈത്തിലത്തെുമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഏപ്രില്‍ 10ന് അര്‍ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഹൂതി വിമതര്‍ക്കും സൗദിയുടെ നേതൃത്വത്തിലുള്ള സംഖ്യകക്ഷികള്‍ക്കുമിടയില്‍ യു.എന്‍ നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. യു.എന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും മുന്നോട്ടുപോകുന്നുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സൗദിയും ഹൂതി വിമതരും യുദ്ധത്തടവുകാരെ പരസ്പരം കൈമാറാന്‍ തയാറായത് ശുഭ സൂചനയാണ് നല്‍കുന്നത്. 
കുവൈത്തിലെ സമാധാന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും കൈക്കൊണ്ട തീരുമാനങ്ങള്‍ വിലയിരുത്തുന്നതിന് റിയാദിലേക്കും സന്‍ആയിലേക്കും യു.എന്‍ പ്രതിനിധി സംഘം ഉടന്‍ പുറപ്പെടുമെന്നും വലദ് അശൈഖ് അഹ്മദ് കൂട്ടിച്ചേ
ര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.