വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു

കുവൈത്ത് സിറ്റി: വിവാദങ്ങള്‍ക്കിടെ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹത്തിന്‍െറ പ്രതിഷ്ഠ നടന്നു. ഗണേശ ചതുര്‍ഥിയുടെ ഭാഗമായാണ് വ്യാഴാഴ്ച എംബസിയില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടന്നത്. ക്രെയിന്‍ കൊണ്ടുവന്നാണ് എംബസിയുടെ സ്വീകരണ മുറിയില്‍ പ്രതിഷ്ഠാ കര്‍മം നടത്തിയത്. 
ഇന്ത്യയുടെ മതേതര കാഴ്ചപ്പാടിനും പാരമ്പര്യത്തിനും എതിരായി ഒരു മത വിഭാഗത്തിന്‍െറ ആരാധനാ വിഗ്രഹത്തെ എംബസിയില്‍ സ്ഥാപിക്കുന്നതിനെതിരെ പ്രവാസി സമൂഹത്തില്‍നിന്ന് ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് പരിപാടി നടത്തിയത്. സാങ്കേതിക കാരണങ്ങളാല്‍ ഗണേശ പ്രതിഷ്ഠ മാറ്റിവെക്കുന്നതായി മാധ്യമങ്ങളെ ഫോണ്‍ മുഖേന അറിയിച്ചതിനുശേഷമാണ് വ്യാഴാഴ്ച പൊടുന്നനെ ചടങ്ങ് നടന്നത്. ഗണേശ ചതുര്‍ഥി ആഘോഷത്തിന്‍െറ ഭാഗമായാണ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കുന്ന ബോര്‍ഡും വിഗ്രഹത്തിന് താഴെ സ്ഥാപിച്ചിട്ടുണ്ട്. കുവൈത്ത് പൗരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കൗതുകവസ്തു എന്ന നിലയില്‍ കൊണ്ടുവന്നതെന്ന് പറയപ്പെടുന്ന ഗണപതി രൂപമാണ് ഒൗദ്യോഗിക അംഗീകാരത്തോടെ ഇന്ത്യന്‍ എംബസിയില്‍ പ്രതിഷ്ഠിച്ചത്. 
സ്ഥലസൗകര്യത്തിന്‍െറ പ്രശ്നത്താല്‍ കുവൈത്ത് പൗരന്‍ ഒഴിവാക്കാന്‍ തീരുമാനിച്ച ഗണപതിരൂപത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവരം അറിഞ്ഞ് എംബസി ഉദ്യോഗസ്ഥര്‍ എത്തി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. തുടര്‍ന്ന്, ഗണേശ ചതുര്‍ഥിയോട് 
അനുബന്ധിച്ച് സ്ഥാപിക്കുകയായിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.