കളിയാരവങ്ങള്‍ക്ക് കാതോര്‍ത്ത് കളിത്തട്ടൊരുങ്ങി 

കുവൈത്ത് സിറ്റി: കളിക്കളം റെഡിയാണ്. ഇനി കളി തുടങ്ങിയാല്‍ മതി. രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ ശൈഖ് ജാബിര്‍ സ്റ്റേഡിയമാണ് എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി ഉദ്ഘാടനസജ്ജമായിരിക്കുന്നത്. സ്റ്റേഡിയം സന്ദര്‍ശിച്ച മന്ത്രിതല സംഘം സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. 
വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറ നേതൃത്വത്തില്‍ യുവജന-കായികകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് സാലിം അസ്സബാഹ്, പാര്‍ലമെന്‍ററി മന്ത്രി ശൈഖ് മുഹമ്മദ് അല്‍അബ്ദുല്ല അല്‍മുബാറക് അസ്സബാഹ്, സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ ശൈഖ് അഹ്മദ് അല്‍അഹ്മദ് അസ്സബാഹ്, ധനമന്ത്രി അനസ് സാലിഹ്, തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ്, ആരോഗ്യമന്ത്രി അലി അല്‍ഉബൈദി, എണ്ണമന്ത്രി അലി അല്‍ഉമൈര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്റ്റേഡിയം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയത്. സ്റ്റേഡിയത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി ശൈഖ് മുഹമ്മദ് അല്‍അബ്ദുല്ല അല്‍മുബാറക് അസ്സബാഹ് അറിയിച്ചു. 
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചുകൊണ്ട് ഈവര്‍ഷം അവസാനത്തോടെ ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശമാണ് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് മുന്നോട്ടുവെച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 
ഇതിനനുസരിച്ചുള്ള പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ആവശ്യമായ സൗകര്യങ്ങളൊരുക്കി കായികരംഗത്തിന് പ്രോത്സാഹനം നല്‍കാനുള്ള സര്‍ക്കാറിന്‍െറ സന്നദ്ധതയുടെ തെളിവാണ് ആധുനികരീതിയിലുള്ള മനോഹരമായ ശൈഖ് ജാബിര്‍ സ്റ്റേഡിയമെന്ന് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് അഭിപ്രായപ്പെട്ടു. 
അന്താരാഷ്ട്ര തലത്തിലുള്ള നിരോധം നീക്കിക്കിട്ടുന്ന മുറക്ക് ലോകതലത്തിലുള്ള ടൂര്‍ണമെന്‍റുകള്‍ക്ക് സ്റ്റേഡിയം അരങ്ങൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികവും ഭരണപരവുമായ പ്രശ്നങ്ങള്‍ മറികടന്ന് ഒരുങ്ങിയ സ്റ്റേഡിയം പശ്ചിമേഷ്യയിലെതന്നെ മികച്ച കളിക്കളങ്ങളില്‍ ഒന്നാണെന്ന് യുവജന, കായികകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് സാലിം അസ്സബാഹ് പറഞ്ഞു.  
2005ല്‍ അര്‍ദിയയില്‍ നിര്‍മാണമാരംഭിച്ച ശൈഖ് ജാബിര്‍ സ്റ്റേഡിയം നിര്‍മാണം 2009ല്‍തന്നെ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. 
എന്നാല്‍, അനുബന്ധജോലികള്‍ പലതും ബാക്കിയുള്ളത് മൂലവും ഇടക്ക് സാങ്കേതികവും ഭരണപരവുമായ ചില തടസ്സങ്ങള്‍ വന്നതുകൊണ്ടും ഉദ്ഘാടനം നീളുകയായിരുന്നു. 
നാലു തട്ടുകളായി നിര്‍മിച്ച സ്റ്റേഡിയത്തിലെ ഗാലറിയില്‍ 68,000 പേര്‍ക്കിരിക്കാം. 54 കോര്‍പറേറ്റ് ബോക്സുകളുള്ള സ്റ്റേഡിയത്തോടനുബന്ധിച്ച് 6,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യവുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.