വിലക്കുഭീഷണിയുമായി ഫിഫ;  റൊണാള്‍ഡീന്യോ എത്തിയേക്കില്ല

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ആഘോഷമായി നടത്താനിരിക്കുന്ന ശൈഖ് ജാബിര്‍ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടന മഹാമഹത്തിന്‍െറ നിറംമങ്ങുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കുന്നതിനെതിരെ അന്താരാഷ്ട്രതാരങ്ങള്‍ക്ക് ലോക ഫുട്ബാള്‍ സംഘടനയായ ഫിഫ മുന്നറിയിപ്പ് നല്‍കിയതോടെയാണ് രാജ്യത്തെ ഫുട്ബാള്‍പ്രേമികളുടെ ഉത്സാഹംകെടുത്തുന്ന വാര്‍ത്തയത്തെിയത്. 
ഫിഫയില്‍ രജിസ്റ്റര്‍ ചെയ്ത ക്ളബുകളില്‍ കളിക്കുന്നവര്‍ക്കും ദേശീയടീമില്‍ കളിക്കുന്നവര്‍ക്കുമാണ് ഫിഫയുടെ വിലക്കുഭീഷണി. ഇതോടെ, സൂപ്പര്‍താരം റൊണാള്‍ഡീന്യോയടക്കമുള്ള ചില പ്രമുഖതാരങ്ങള്‍ മത്സരത്തിനത്തൊനുള്ള സാധ്യതയടഞ്ഞു. ഫിഫയില്‍ രജിസ്റ്റര്‍ ചെയ്ത, നിലവില്‍ സജീവ ഫുട്ബാള്‍ കളിക്കുന്ന താരങ്ങള്‍ കുവൈത്തില്‍ പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണെന്നും വിലക്ക് ലംഘിച്ച് കുവൈത്തില്‍ കളിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ഫിഫ അധികൃതര്‍ പ്രസ്താവിച്ചിട്ടുണ്ട്. ബ്രസീലിലെ ഫ്ളുമീനീസ് ക്ളബിന് പന്തുതട്ടുന്ന റൊണാള്‍ഡീന്യോയെ കൂടാതെ യു.എസ് മേജര്‍ സോക്കര്‍ ലീഗില്‍ കളിക്കുന്ന ഇംഗ്ളണ്ടിന്‍െറ സ്റ്റീവന്‍ ജെറാര്‍ഡ്, ഇറ്റലിയുടെ ആന്ദ്രിയ പിര്‍ലോ തുടങ്ങിയവരും എത്താനിടയില്ല. അതേസമയം, ഇറ്റാലിയന്‍ ലോകകപ്പ് ഹീറോയും യുവന്‍റ്സ് താരവുമായിരുന്ന അലസാന്ദ്രോ ദെല്‍പിയറോ, മുന്‍ സ്പെയിന്‍-ബാഴ്സലോണ ക്യാപ്റ്റന്‍ കാര്‍ലോസ് പ്യൂയോള്‍, ഇംഗ്ളണ്ട്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ സ്കോള്‍സ്, ഫ്രഞ്ച്-ആഴ്സനല്‍ താരം റോബര്‍ട്ട് പിറെസ്, ഇറ്റാലിയന്‍-യുവന്‍റസ് താരം ജിയാന്‍ലുക സാംബ്രോട്ട, പോര്‍ചുഗീസ് മിഡ്ഫീല്‍ഡര്‍ ലൂയി ഫീഗോ, ഇറ്റാലിയന്‍ ഡിഫന്‍റര്‍ അലസാന്ദ്രോ നെസ്റ്റ, ജര്‍മന്‍ ഗോള്‍കീപ്പര്‍ യെന്‍സ് ലീമാന്‍, ഇംഗ്ളണ്ട് ഡിഫന്‍റര്‍ ജാമി കാരഗര്‍, ഗോളി ഡേവിഡ് ജെയിംസ്, പോര്‍ചുഗലിന്‍െറ ഡെക്കോ, ഇറ്റലിയുടെ ആന്ദ്രെ ഷെവ്ചെങ്കോ തുടങ്ങിയവര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ കായികനിയമങ്ങള്‍ ഫിഫ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബറിലാണ് ഫിഫ കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയത്. സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനത്തിന് കേവലം ഒരാഴ്ചമാത്രം ബാക്കിയുള്ളപ്പോഴാണ് മത്സരത്തില്‍ പങ്കെടുക്കാമെന്നേറ്റ അന്താരാഷ്ട്രതാരങ്ങള്‍ക്ക് ഫിഫയുടെ ഭാഗത്തുനിന്ന് മുന്നറിയിപ്പുണ്ടാകുന്നത്. 
ഇത് കുവൈത്ത് അധികൃതരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. അന്താരാഷ്ട്രതാരങ്ങള്‍ സ്വന്തംനാട്ടിലെ താരങ്ങളുമായി മത്സരിക്കുന്നത് കാണാന്‍ കാത്തിരുന്ന സ്വദേശി-വിദേശി ഫുട്ബാള്‍ പ്രേമികളെ ഫിഫയുടെ ഭീഷണി ഏറെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെ കുവൈത്തിലെന്നല്ല പശ്ചിമേഷ്യയിലെതന്നെ ഏറ്റവുംവലിയ സ്റ്റേഡിയമായി മാറിയ ജാബിര്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം ആഘോഷമാക്കി മാറ്റാനൊരുങ്ങുകയായിരുന്നു കുവൈത്ത്. കുവൈത്തില്‍ കളിക്കുന്നതിനെതിരെ അന്താരാഷ്ട്രതാരങ്ങള്‍ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തിയതോടെ ആഘോഷത്തിന്‍െറ പൊലിമക്ക് ഏറെ മങ്ങലേല്‍ക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.