ചാവേര്‍ സ്ഫോടന കേസ് : നാളെ രഹസ്യവിചാരണ

കുവൈത്ത് സിറ്റി: മസ്ജിദ് ഇമാം സാദിഖ് ചാവേര്‍ ആക്രമണക്കേസില്‍ രഹസ്യവിചാരണക്ക് കോടതി ഉത്തരവ്. 
തിങ്കളാഴ്ച നടന്ന മൂന്നാം സിറ്റിങ്ങിലാണ് അടുത്ത സിറ്റിങ് രഹസ്യവിചാരണയാക്കാന്‍ ജസ്റ്റിസ് മുഹമ്മദ് അദ്ദഈജിന്‍െറ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതി ബെഞ്ച് ഉത്തരവിട്ടത്. ഈ വിചാരണ ബുധനാഴ്ച നടക്കും. 
കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ ഈ സിറ്റിങ്ങില്‍ വിസ്തരിക്കും. ഇതുകൂടാതെ കേസിന്‍െറ സാധാരണരീതിയിലുള്ള അടുത്ത സിറ്റിങ് ഈമാസം 16ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. പ്രതികള്‍ ആവശ്യപ്പെട്ടതുപ്രകാരം കുവൈത്ത് ലോയേഴ്സ് അസോസിയേഷന്‍െറ സഹകരണത്തോടെ എല്ലാവര്‍ക്കും അഭിഭാഷകരെ ഏര്‍പ്പാടാക്കി നല്‍കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈമാസം നാലിന് കോടതിയുടെ പരിഗണനയില്‍ ആദ്യമായി വന്ന കേസില്‍ ഏഴ് സ്ത്രീകളുള്‍പ്പെടെ 29 പ്രതികളാണുള്ളത്. ഇവരില്‍ എട്ട് സ്വദേശികളും അഞ്ച് സൗദി പൗരന്മാരും മൂന്ന് പാകിസ്താനികളും 13 ബിദൂനികളുമാണുള്ളത്. ഇതില്‍ 11 പേര്‍ക്ക് രണ്ടാം സിറ്റിങ്ങില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ രാജ്യംവിട്ട് പോകാന്‍പാടില്ല എന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. 
രാജ്യത്തെ പ്രമുഖ ശിയ പള്ളിയായ ഇമാം സാദിഖ് മസ്ജിദില്‍ ജുമുഅ നമസ്കാരത്തിനിടെ ജൂണ്‍ 26ന് നടന്ന സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.