യു.എന്‍ രക്ഷാസമിതി: അറബ് രാഷ്ട്രത്തിന് സ്ഥിരാംഗത്വം നല്‍കണം –കുവൈത്ത്

കുവൈത്ത് സിറ്റി: അറബ് രാഷ്ട്രങ്ങളില്‍ ഒന്നിന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി കുവൈത്ത്. ലോകരാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയും വലിയ ജനവിഭാഗത്തിന്‍െറ പ്രതിനിധികളുമായ അറബ് രാഷ്ട്രങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമില്ലാത്ത അവസ്ഥ നിരാശജനകമാണെന്നും ഇനിയെങ്കിലും അതിന് മറ്റു ലോകരാഷ്ട്രങ്ങള്‍ മുന്‍കൈയെടുക്കണമെന്നും യു.എന്നിലെ കുവൈത്ത് അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതൈബി അഭിപ്രായപ്പെട്ടു. 1945ല്‍ ഉണ്ടായിരുന്ന അഞ്ച് രാജ്യങ്ങളില്‍നിന്ന് ഇപ്പോള്‍ ഐക്യരാഷ്ട്രസഭയിലെ അറബ് രാഷ്ട്രങ്ങളുടെ എണ്ണം 22 ആയി ഉയര്‍ന്നിരിക്കുന്നു. ഇതോടൊപ്പം അറബ് രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രശ്നങ്ങളും കൂടിയിട്ടുണ്ട്. പലപ്പോഴും അറബ് രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ അര്‍ഹമായ പരിഗണനയോ പ്രാധാന്യമോ ലഭിക്കാറില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി. 
നിലവില്‍ 15 രാഷ്ട്രങ്ങളാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലുള്ളത്. അമേരിക്ക, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നിയാണ് സ്ഥിരാംഗങ്ങള്‍. ഇവര്‍ക്ക് മാത്രമാണ് വീറ്റോ അധികാരമുള്ളതും. ഇവ കൂടാതെ രണ്ടുവര്‍ഷത്തേക്ക് 10 രാജ്യങ്ങളെ വീതം തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ആഫ്രിക്കയില്‍നിന്ന് മൂന്ന്, ലാറ്റിനമേരിക്ക-കരീബിയന്‍ മേഖലയില്‍നിന്ന് രണ്ട്, ഏഷ്യ പെസഫിക്കില്‍നിന്ന് രണ്ട്, പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്ന് രണ്ട്, കിഴക്കന്‍ യൂറോപ്പില്‍നിന്ന് ഒന്ന് എന്നിങ്ങനെയാണ് 10 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഇതില്‍ ആഫ്രിക്കയില്‍നിന്നും ഏഷ്യ പെസഫിക്കില്‍നിന്നുമായുള്ള അഞ്ച് രാജ്യങ്ങളില്‍ ഒരു അറബ് രാഷ്ട്രമെങ്കിലും നിര്‍ബന്ധമായും ഉണ്ടാവണമെന്ന കീഴ്വഴക്കമുണ്ട്. നിലവില്‍ ഇത് ജോര്‍ഡനാണ്. അര്‍ജന്‍റിന, ആസ്ട്രേലിയ, ഛാദ്, ചിലി, ലിത്വേനിയ, ലക്സംബര്‍ഗ്, നൈജീരിയ, ദക്ഷിണ കൊറിയ, റുവാണ്ട എന്നിവയാണ് മറ്റു താല്‍ക്കാലിക അംഗങ്ങള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.