പുതിയ പദ്ധതികള്‍ക്കാവശ്യമായ വിദേശ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തും – മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പദ്ധതികള്‍ക്കാവശ്യമായ വിദേശ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തുമെന്ന് തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് പറഞ്ഞു. ഇതിന് പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത്, ആരോഗ്യമന്ത്രാലയം, കാര്‍ഷിക മന്ത്രാലയം, മാന്‍പവര്‍ അതോറിറ്റി, നീതിന്യായ മന്ത്രാലയം, കുവൈത്ത് യൂനിവേഴ്സിറ്റി, കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സമിതിയിലുള്ളത്. സ്വകാര്യ, സര്‍ക്കാര്‍ കരാറുകള്‍ക്കാവശ്യമായ തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചാണ് തൊഴില്‍ മന്ത്രാലയം കണക്കെടുക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്‍െറ ഭാഗമായി സ്വദേശികളുടെ എണ്ണം അനുസരിച്ച് വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മാന്‍പവര്‍ അതോറിറ്റിയുടെ കീഴില്‍ സര്‍ക്കാര്‍ പദ്ധതികളുള്‍പ്പെടെയുള്ള കരാറുകളില്‍ ആവശ്യമായ തൊഴിലാളികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത പ്രത്യേക  യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ കരാറുകള്‍ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന നടപടി സുതാര്യമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മൊത്തം വിദേശ തൊഴിലാളികളെക്കുറിച്ചുള്ള കണക്കെടുപ്പിന് വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതാണ്. രാജ്യത്ത് ജനസംഖ്യാനുപാതികമായ തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തിന്‍െറ പൊതുനന്മ ലക്ഷ്യം വെച്ചും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റും അവരുടെ നിലവിലെ രാജ്യത്തെ എണ്ണത്തെക്കുറിച്ചും പഠനം അനിവാര്യമാണെന്ന് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ മുതൗതിഹ് പറഞ്ഞു. സര്‍ക്കാര്‍ കരാറുകള്‍ക്കുവേണ്ടി അവിദഗ്ധരായ തൊഴിലാളികളെ അധികമായി റിക്രൂട്ട് ചെയ്യുന്നത് ഗണകരമല്ളെന്ന് അദ്ദേഹം പറഞ്ഞു. അവിദഗ്ധ തൊഴിലാളികളുടെ ആധിക്യമാണ് രാജ്യത്ത് ഇഖാമ നിയമലംഘനമുള്‍പ്പെടെയുള്ള  നിയമലംഘനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.