യൂത്ത് സിറ്റി 2030 സന്ദർശിക്കാനെത്തിയെ ശൈഖ് നാസർ
മനാമ: യൂത്ത് സിറ്റി 2030 സന്ദർശിച്ച് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. യുവജന ശാക്തീകരണത്തോടും ദേശീയ വികസനത്തോടുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ് ഈ സംരംഭമെന്ന് ശൈഖ് നാസർ യൂത്ത് സിറ്റി 2030നെ പ്രശംസിച്ച് പറഞ്ഞു.
ഭാവി സമൃദ്ധമാക്കാൻ യുവതലമുറക്ക് ആവശ്യമായ പരിശീലനങ്ങളും മാനസിക പിന്തുണകളും നൽകുന്നതിലുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ദേശീയ തന്ത്രങ്ങളും ഈ അവസരത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സെക്രട്ടറി ജനറൽ അയ് മെൻ ബിൻ തൗഫീഖ് അൽമൊഈദ്, യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫിക്കി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യുവജനങ്ങൾ ബഹ്റൈന്റെ ഏറ്റവും മൂല്യവത്തായ സമ്പത്താണെന്നും അവരുടെ കഴിവുകളിൽ നിക്ഷേപിക്കുന്നത് സമൃദ്ധവും സുസ്ഥിരവുമായ ഭാവിക്കുള്ള ഏറ്റവും ഉറപ്പായ മാർഗമാണെന്നും ശൈഖ് നാസർ പറഞ്ഞു.
പരിപാടി യുവജനങ്ങൾക്ക് എല്ലാ അർഥത്തിലും ഗുണങ്ങൾ സൃഷ്ടിക്കുന്നെന്നും ഇതൊരു മികച്ച മാതൃകയും പ്രചോദനവുമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നഗരത്തിലെ അഞ്ച് പ്രധാന പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ചു. ഈ കേന്ദ്രങ്ങൾ ഒരുമിച്ച് 195 പ്രത്യേക പരിപാടികളിലായി 5500ലധികം പരിശീലന അവസരങ്ങളും 84 സംരംഭകത്വ പദ്ധതികളും 150 അധിക പരിപാടികളും വാഗ്ദാനം ചെയ്യുന്നു.
ഇവയെല്ലാം 248 യുവ ബഹ്റൈനി സന്നദ്ധപ്രവർത്തകരാണ് കൈകാര്യം ചെയ്യുന്നത്. യുവ സന്നദ്ധപ്രവർത്തകരുടെയും പരിശീലകരുടെയും പ്രഫഷനലിസത്തെയും പ്രയത്നത്തെയും ശൈഖ് നാസർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.