യോമായ് മാർഷൽ ആർട്സ് അക്കാദമിയുടെ മൂന്നാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം പബ്ലിക് നോട്ടറി ഹാഷിം യാകൂബ് അഹ്മദ് അബ്ദുല്ല മുഹമ്മദ് നിർവ്വഹിക്കുന്നു. മാർഷൽ ആർട്സ് രംഗത്തെ പ്രമുഖരും രക്ഷാകർത്താക്കളും സമീപം.
മനാമ: ശാരീരികക്ഷമതയ്ക്കും മാനസികമായ ഏകാഗ്രതയ്ക്കും പുറമെ, ആത്മവിശ്വാസവും സ്വയം പ്രതിരോധത്തിനുള്ള കരുത്തും പകർന്നു നൽകുന്ന മാർഷൽ ആർട്സ് പരിശീലനം ഇന്നത്തെ തലമുറയ്ക്ക് അനിവാര്യമാണ്. കുട്ടികളിൽ അച്ചടക്കവും ലക്ഷ്യബോധവും വളർത്തുന്നതിൽ ഈ കലകൾ വലിയ പങ്ക് വഹിക്കുന്നു. ഈ ലക്ഷ്യത്തോടെ ബഹ്‌റൈനിൽ കഴിഞ്ഞ 11 വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന യോമായ് മാർഷൽ ആർട്സ് അക്കാദമിയുടെ മൂന്നാമത്തെ ശാഖ മുഹറഖിൽ പ്രവർത്തനമാരംഭിച്ചു.
മുഹറഖ് കസീനോ പാർക്കിന് സമീപം ആരംഭിച്ച പുതിയ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പബ്ലിക് നോട്ടറി ഹാഷിം യാകൂബ് അഹ്മദ് അബ്ദുല്ല മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ മാർഷൽ ആർട്സ് രംഗത്തെ പ്രമുഖരും രക്ഷാകർത്താക്കളും പങ്കെടുത്തു.
ശിഹാൻ നഹാസ് മാസ്റ്ററുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അക്കാദമിയിൽ പത്തിലേറെ വിദഗ്ധരായ മാസ്റ്റർമാരുടെ സേവനം ലഭ്യമാണ്. മുഹറഖിലെ പുതിയ ബാച്ചുകളിൽ കുട്ടികൾക്കായുള്ള ആദ്യ കരാട്ടെ ക്ലാസുകൾ സമ്പായി സക്കീർ ഹുസൈനും, കുങ്ഫു, ബോക്സിങ് ക്ലാസുകൾ സുജീഷ് മാസ്റ്ററും നിയന്ത്രിച്ചു.
നിലവിൽ ഹൂറ, ഉമ്മൽ ഹസ്സം, മുഹറഖ് എന്നിവിടങ്ങളിലായി 180-ലധികം വിദ്യാർത്ഥികൾ അക്കാദമിക്ക് കീഴിൽ പരിശീലനം നേടുന്നുണ്ട്. ഇതിനോടകം മുപ്പതിലധികം വിദ്യാർത്ഥികൾ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി മാസ്റ്റർ ഡിഗ്രി പഠനം തുടരുന്നത് അക്കാദമിയുടെ ഗുണനിലവാരത്തിന് തെളിവാണ്. ചിട്ടയായ പരിശീലനത്തിലൂടെ മികച്ചൊരു തലമുറയെ വാർത്തെടുക്കാൻ തങ്ങൾക്ക് സാധിക്കുന്നു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് അക്കാദമി അധികൃതർ അറിയിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി രാവിലെയും വൈകിട്ടും വ്യത്യസ്ത ബാച്ചുകൾ ലഭ്യമാണ്. ഹൂറ, ഉമ്മൽ ഹസ്സം, മുഹറഖ് എന്നീ മൂന്ന് ബ്രാഞ്ചുകളിലും പ്രവേശനം തുടരുന്നു. ഉദ്ഘാടന ചടങ്ങിൽ യോമായ് അക്കാദമി പ്രസിഡന്റ് സമ്പായി അസീസ് സ്വാഗതവും സെക്രട്ടറി സമ്പായി അസീർ നന്ദിയും രേഖപ്പെടുത്തി. സമ്പായിമാരായ സൈഫ്, റഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഡ്മിഷന് വേണ്ടി ബന്ധപ്പെടുക- 33688440, 35375006
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.