ലോക ഹിന്ദി ദിനത്തോടനുബന്ധിച്ച് ന്യൂ ഹൊറിസൺ സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽനിന്ന്
മനാമ: ഹിന്ദി ഭാഷയുടെ സാംസ്കാരികവും ഭാഷാപരവുമായ പൈതൃകം ആദരിക്കുന്നതിനായി ന്യൂ ഹൊറിസൺ സ്കൂളിൽ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു.
സിഞ്ച്, സെഗായ കാമ്പസുകളിലെ വിദ്യാർഥികൾ ഒത്തുചേർന്ന ഈ പരിപാടി, ഇന്ത്യയുടെ സാഹിത്യ-കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും മാതൃഭാഷയോടുള്ള അഭിമാനം വളർത്തുന്നതിനുമുള്ള വേദിയായി മാറി. സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ, അക്കാദമിക്-അഡ്മിനിസ്ട്രേറ്റിവ് വിഭാഗം മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹിന്ദി ഡിപാർടുമെന്റ് മേധാവി സിന്ധു മോഹൻലാൽ നേതൃത്വം നൽകി.
ബഹ്റൈൻ ദേശീയ ഗാനത്തോടെയും ആറാം ക്ലാസ് വിദ്യാർഥികൾ ആലപിച്ച ഭക്തിനിർഭരമായ ഹിന്ദി പ്രാർത്ഥനാ ഗാനത്തോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. വിവിധ ക്ലാസിലെ വിദ്യാർഥികളുടെ ഗാനാലാപനം, നൃത്തം, പ്രസംഗം, ഹിന്ദി സാഹിത്യകാരന്മാർക്ക് ആദരമർപ്പിക്കൽ, പഴയകാല പാരമ്പര്യ കളികൾ, 'നുക്കഡ് നാടക്' (തെരുവുനാടകം) എന്നിവ അരങ്ങേറി.
കഥാപ്രസംഗ മത്സരങ്ങളിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാർഥികളുടെ കഠിനാധ്വാനത്തെ പ്രിൻസിപ്പൽ മിസിസ് വന്ദന സതീഷ് അഭിനന്ദിച്ചു. തുടർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹിന്ദി ക്ലബ് പ്രസിഡന്റ് അക്ഷര നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.